മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും. യു ഡി എഫുമായുള്ള ചർച്ചകൾ നടക്കുകയാണെന്നും ചില കാര്യങ്ങളിൽ അന്തിമ തീരുമാനം ആകാനുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
ഞങ്ങൾ ചില ആവശ്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. ചില കാര്യങ്ങളിൽ തീരുമാനം ആകാനുണ്ട്. തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ എല്ലാ കാര്യങ്ങളിലും തീരുമാനം ഉണ്ടാകും റസാഖ് പാലേരി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെൽഫെയർ പാർട്ടിയെ യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമാക്കണമെന്ന ആവശ്യവും ഉന്നയിച്ചതായി പറയപ്പെടുന്നു. എന്നാൽ, ഇക്കാര്യത്തിൽ യു ഡി എഫ് ഇതുവരെ ഉറപ്പൊന്നും നൽകിയിട്ടില്ല.
നേരത്തെ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടായിരുന്നു ജമാ അത്തെ ഇസ്ലാമിക്കുണ്ടായിരുന്നത്. ആര്യാടൻ ഷൗക്കത്തിനോട് നേരത്തെ തന്നെ വിയോജിപ്പുള്ള സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. മറ്റ് പാർട്ടികളും തങ്ങളുടെ പിന്തുണ നേടി വന്നിരുന്നുവെന്ന് പാർട്ടികളുടെയൊന്നും പേര് പറയാതെ റസാഖ് പാലേരി അവകാശപ്പെട്ടു.
“എല്ലാവരും പിന്തുണ തേടി വരികയും ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ വെളിപ്പെടുത്തുന്നില്ല” റസാഖ് പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനോടുള്ള വിയോജിപ്പാണ് വെൽഫെയർ പാർട്ടി യു ഡി എഫിനെ പിന്തുണയ്ക്കുന്നതിന് കാരണം, 2019 മുതൽ യു ഡി എഫുമായി സഹകരിക്കുന്നുണ്ടെന്നും റസാഖ് പാലേരി പറഞ്ഞു.
