തിരുവനന്തപുരം: ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് കവർന്ന 202 പവൻ സ്വർണം കണ്ടെത്തി. വെള്ളായണി ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഇതിൽ 146 പവൻ സ്വർണം കണ്ടെത്തിയത്.
നേരത്തെ പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് 450 ഗ്രാം സ്വർണവും കണ്ടെടുത്തിരുന്നു. രണ്ട് കിലോ സ്വർണം കവർന്നിട്ടില്ലെന്ന പ്രതികളുടെ വാദം ഇതോടെ പൊളിഞ്ഞതായി പൊലീസ് വ്യക്തമാക്കി.
വിശദമായ പരിശോധനയ്ക്കൊടുവിലാണ് ഒളിപ്പിച്ചുവെച്ച സ്വർണം കണ്ടെത്താനായതെന്നും പൊലീസ് അറിയിച്ചു.
കേസിൽ അറസ്റ്റിലായ മാളവിക ജ്വല്ലറി ഉടമ ജയറാമിനെതിരെ കൂടുതൽ സാമ്പത്തിക തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്യാൻ പൊലീസ് ഒരുങ്ങുകയാണ്. സ്വർണം കവർച്ച ചെയ്യപ്പെട്ട വൈഷ്ണവി ജ്വല്ലറിയുടെ സമീപത്താണ് മാളവിക ജ്വല്ലറിയും പ്രവർത്തിക്കുന്നത്. സ്വർണക്കട ഉടമകൾ തമ്മിലുള്ള കുടിപ്പകയാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
രാത്രിയിൽ ജ്വല്ലറി അടച്ച് വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവി ജ്വല്ലറി ഉടമയെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി സ്വർണം കവർന്നെന്നാണ് കേസ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
