വിവാഹം തൊഴിലാക്കിയ കാഞ്ഞിരമറ്റം സ്വദേശിനി ഒടുവിൽ പൊലീസ് വലയിലായി…ഇതുവരെ വിവാഹം ചെയ്തത്  12 പേരെ…

തിരുവനന്തപുരം : പന്ത്രണ്ട് വിവാഹങ്ങൾ ചെയ്ത് മുങ്ങിയ യുവതി അറസ്റ്റിൽ. കോട്ടയം, കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ (35) ആണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരന്റെ പരാതിയിൽ ആര്യനാട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ ജില്ലകളിലായി 12 പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്വയിച്ചിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ മാസം മാട്രിമോണിയൽ പരസ്യത്തിൽ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്. പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പർ നൽകി. ഫോണിൽ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളിൽ വച്ച് കണ്ടുമുട്ടി. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്ക് താൽപര്യമി ല്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

സംസ്‌കൃതത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്ന് പറഞ്ഞ രേഷ്മ ജൂൺ ആറിന് വിവാഹത്തിനും സമ്മതിച്ചു. ആദ്യവിവാഹമെന്നാണ് പറഞ്ഞിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കൽ ഉള്ള ഒരു വാർഡ് മെമ്പറുടെ വീട്ടിൽ താമസിപ്പിച്ചിരുന്നു.

വിവാഹദിവസം രാവിലെ, കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാർലറിൽ പോകണമെന്ന് രേഷ്മ പറഞ്ഞു. വൈകാതെ ബ്യൂട്ടി പാർലറിൽ പോകുകയും ചെയ്തു. വാർഡ് മെമ്പറുടെ ഭാര്യ കുളിമുറിയിൽ കയറിയപ്പോൾ രേഷ്മ കുളിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടില്ല. തുടർന്നാണ് രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. ഇതോടെ വാർഡ് മെമ്പറുടെ ഭാര്യ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അപ്പോഴാണ് മുൻ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സി.ഐ അജീഷ്, എസ്.ഐ വേണു എന്നിവരും വനിതാ പോലീസ് ഉദ്യേഗസ്ഥരും ചേർന്ന് രേഷ്മയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വരൻ നൽകുന്ന താലിയും മാലയുമായി മുങ്ങാനായിരുന്നു പ്ലാൻ. പിറ്റേന്ന് തൊടുപുഴയിൽ പുസ്തകം വാങ്ങാൻ പോകണമെന്ന് യുവതി പറഞ്ഞിരുന്ന തായും പഞ്ചായത്തംഗം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!