അണ്ണാ സര്‍വകലാശാല പീഡന കേസ്: പ്രതിക്ക് ജീവപര്യന്തം, 30 വര്‍ഷം പുറത്തുവിടരുതെന്ന് കോടതി

ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ  പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങും വഴി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസില്‍ മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിയ്‌ക്കെതിരെ 11 കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതായും ഇയാളെ 30 വര്‍ഷം കഴിയാതെ പുറത്തുവിടരുതെന്നും ജഡ്ജി എം. രാജലക്ഷ്മി വിധിയില്‍ വ്യക്തമാക്കുന്നു.

2024 ഡിസംബര്‍ 23 ന് നടന്ന സംഭവത്തില്‍ ഫെബ്രുവരി 24നാണു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ക്യാംപസിന് സമീപം ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരന്‍. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും കടുത്ത ശിക്ഷ നല്‍കരുത് എന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദത്തെ എതിര്‍ത്ത പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദത്തിന് വഴി തുറന്ന കേസ് കൂടിയാണിത്. പ്രതി ജ്ഞാനശേഖരന്‍ ഡിഎംകെ യുവജന വിഭാഗം പ്രവര്‍ത്തകനാണെന്നും ഡിഎംകെ നേതാക്കളില്‍ ചിലര്‍ ഇയാളെ സഹായിക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതും വിവാദമായി. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടെ, കോട്ടൂര്‍പുരത്തെ ജ്ഞാനശേഖരന്റെ വീട് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ഭാഗം കോര്‍പറേഷന്‍ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!