കൊച്ചി : മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചു. ജില്ലാ കളക്ടര്‍ വെടിക്കെട്ടിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ദേവസ്വം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉത്സവത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായാണ് വെടിക്കെട്ട് നടത്തേണ്ടിയിരുന്നത്.
തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സാഹചര്യം കണക്കിലെടുത്താണ് മരടിലെ വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ നേരത്തെ അനുമതി നിഷേധിച്ചത്.
മരടിലെ സ്ഥലപരിമിതി അടക്കം പരിഗണിച്ച് പൊലീസ്, റവന്യൂ, അഗ്‌നിരക്ഷാസേന എന്നിവ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്.
മരടില്‍ വടക്കേ ചേരുവാരം, തെക്കേ ചേരുവാരം എന്നിവയാണ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്. കളക്ടറുടെ നടപടി ശരിവെച്ചു കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, വെടിക്കെട്ടിന് അനുമതി നല്‍കാനാകില്ലെന്ന് ഉത്തരവിടുകയാ യിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഇന്നുതന്നെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.