പാമ്പാടി : ആലാംപള്ളി ഓട്ടോ സ്റ്റാന്റിലെ ബദാം മരം അപകട ഭീഷണിയിൽ. ദിവസേന നൂറുകണക്കിന് യാത്രക്കാരും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും ബസ്സ് കാത്ത് നിൽക്കുന്ന ആലാംപള്ളി കവലയിലെ കൂറ്റൻ ബദാം മരം ഏത് നിമിഷവും നിലം പൊത്തുന്ന നിലയിലാണ്.
രണ്ട് ബദാംമരങ്ങളാണ് കവലയിലുള്ളത് ഇതിൽ ഒന്നിന്റെ പകുതി ഇതിനകം ദ്രവിച്ചു , മറ്റൊന്നിന്റെ വേരുകൾ കഴിഞ്ഞ ദിവസത്തെ കാറ്റിൽ പൊട്ടി മരം ചരിഞ്ഞ അവസ്ഥയിലാണ്. ഈ ബദാം മരത്തിന് താഴെയാണ് ഓട്ടോറിക്ഷാ സ്റ്റാൻഡ്. ഓട്ടോറിക്ഷാ ഡ്രൈവർമാർ പരിപാലിച്ച ബദാം അവർക്കു തന്നെ ഭീഷണിയായിരിക്കുകയാണ് ഇപ്പോൾ.

നാട്ടുകാർക്ക് മരം വെട്ടിമാറ്റാൻ നിയമപരമായി തടസ്സമുള്ളതിനാൽ ഹൈവേ അതോറിട്ടി, ഗ്രാമപഞ്ചായത്ത് അധികാരികൾ എത്രയും വേഗം ഇതിന് ഒരു പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും ആവശ്യം.
