ആലപ്പുഴ : തറയിൽ കടവിൽ കഴിഞ്ഞ ദിവസം കണ്ടയ്നർ അടിഞ്ഞതിന്റെ സമീപത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു. പ്രദേശവാസികൾ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു.
അതേസമയം, കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 എന്ന കപ്പലിലെ കെമിക്കലുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടും, കെമിക്കലുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചുമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേര്‍ന്നു. ആഗോള രംഗത്ത് അറിയപ്പെടുന്ന വിദഗ്ദ്ധൻ ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേര്‍ന്നായിരുന്നു യോഗം.
ഡോ. ഒലോഫ് ലൈഡൻ (മുൻ പ്രൊഫെസർ, വേൾഡ് മറീടൈം യൂണിവേഴ്സിറ്റി), ശാന്തകുമാർ (പരിസ്ഥിതി ആഘാത സാമ്പത്തിക കാര്യ വിദ്ധക്തൻ), ഡോ. ബാബു പിള്ള (പെട്രോളിയം കെമിക്കൽ അനാലിസിസ് വിദഗ്ധൻ), ശ്രീ. മൈക്ക് കോവിങ് (തീര ശുചീകരണ/മാലിന്യ നിർമ്മാർജ്ജന വിദഗ്ദ്ധൻ), ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് ഡയറക്ടർ, പൊലൂഷൻ കോൺട്രോൾ ബോർഡ് ചെയർമാൻ, വിസിൽ ഡയറക്ടർ, വിവിധ ജില്ലകളിലെ കളക്ടർമാർ എന്നിവർ യോഗത്തിന്റെ ഭാഗമായിരുന്നു.
ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധരുടെ യോഗം ചേര്‍ന്നത്. തീരത്ത് അടിയുന്ന അപൂര്‍വ്വ വസ്തുക്കള്‍, കണ്ടയ്‌നര്‍ എന്നിവ കണ്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കപ്പല്‍ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എണ്ണപ്പാട തീരത്തെത്തിയാല്‍ കൈകാര്യം ചെയ്യാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഓയില്‍ ബൂം അടക്കമുള്ളവ പ്രാദേശികമായി സജ്ജീകരിച്ച് എല്ലാ പൊഴി, അഴിമുഖങ്ങളിലും നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആലപ്പുഴ തറയിൽ കടവിൽ കണ്ടെയ്നർ അടിഞ്ഞതിന്റെ സമീപം ഡോൾഫിന്റെ ജഡം കണ്ടെത്തി…
