കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു വലിയ തോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. പൊട്ടിത്തെറിയുണ്ടായതായും പിന്നാലെയാണ് പുക ഉയർന്നതെന്നും ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നു. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന പുതിയ കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽ നിന്നാണ് പുക ഉയർന്നത്.
രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു.
ഒന്നും കാണാൻ സാധിക്കാത്ത വിധം പുക ഉയർന്നു. ഇതോടെ പല രോഗികൾക്കും ശ്വാസ തടസമടക്കമുള്ള അസ്വസ്ഥകളുണ്ടായി. ആളുകൾ പേടിച്ച് ചിതറിയോടി. പിന്നാലെ അത്യാഹിത വിഭാഗത്തിലെ 200ലധികം രോഗികളെ മാറ്റി. സമീപത്തെ മറ്റ് ആശുപത്രികളിലേക്കാണ് രോഗികളെ മാറ്റിയത്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളും മാറ്റി.
സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി/
