തൃശൂർ : പാറമേക്കാവ് ക്ഷേത്രത്തോടു ചേര്‍ന്ന അഗ്രശാല ഹാളിന്റെ മുകള്‍നിലയില്‍ വന്‍ തീപിടിത്തം. നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെയാണ് തീ ഉയര്‍ന്നത്.
തീയും പുകയും ഉയരുന്നത് കണ്ടു പരിഭ്രാന്തരായി നര്‍ത്തകരും കാണികളുമടക്കം ഹാളില്‍ നിന്നു പുറത്തേക്കോടി രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കില്ല. വന്‍ ദുരന്തമാണ് ഒഴിഞ്ഞു പോയത്. ഇന്നലെ വൈകിട്ട് എട്ടേമുക്കാലോടെയാണു സംഭവം.
തീപിടിത്തത്തില്‍ ഹാളിലെ കേന്ദ്രീകൃത എയര്‍ കണ്ടിഷന്‍ സംവിധാനമടക്കം പൂര്‍ണമായി കത്തിനശിച്ചു. മൂന്ന് യൂണിറ്റ് അഗ്‌നിരക്ഷാ സേനാ സംഘമെത്തി വെള്ളം പമ്പു ചെയ്താണ് അരമണിക്കൂറില്‍ തീ നിയന്ത്രണവിധേയമാക്കിയത്. അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണു ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം.
തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിയാണോയെന്നു സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പൊലീസിനു പരാതി നല്‍കി.