മോദി ഗ്യാരന്റി കേരളത്തില്‍ ചെലവാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ

കോഴിക്കോട് : മോദി ഗ്യാരന്റി കേരളത്തില്‍ ചെലവാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അദ്ദേഹത്തിന് ഒരു എംപിയെ പോലും കേരളത്തില്‍ നിന്ന് കിട്ടില്ല. എത്ര സിനിമാ നടന്‍മാരെയും എത്ര ക്രിക്കറ്റ് താരങ്ങളെയും എത്ര ഗായകരെയും എത്ര ബിസിനസുകാരെയും അണിനിരത്തിയാലും കേരളത്തില്‍ ബിജെപി പച്ച തൊടാന്‍ പോകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘കേരളത്തില്‍ ചെലവാകത്തൊരു ഒരു മുദ്രാവാക്യം ആണ് അദ്ദേഹം തൃശൂരില്‍ പറഞ്ഞത്. അദ്ദേഹത്തിന് കേരളത്തിലേക്ക് വരാന്‍ സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന് ഒരു എംപിയെ പോലും കേരളത്തില്‍ നിന്ന് കിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ എല്ലാവര്‍ക്കും പ്രതീക്ഷിക്കാം. അദ്ദേഹത്തിന്റെ സമയം കേരളത്തില്‍ ചെലവാക്കിയിട്ട് കാര്യമില്ല’ – മുരളീധരന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ചടങ്ങിലേക്ക് വിളിച്ചതുകൊണ്ടാണ് ശോഭനയുള്‍പ്പടെ പോയത്. പിണറായി വിളിക്കുന്നിടത്തേക്കും മോദി വിളിക്കുന്നിടത്തേക്കും പോകുന്ന ആളുകളുണ്ട്.

അധികാരത്തില്‍ വന്നാല്‍ ഞങ്ങള്‍ വിളിച്ചാലും അവര്‍ വരും. അത് വോട്ടിന്റെ കണക്കായി കൂട്ടേണ്ടതില്ല. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവകാശമുള്ളവരാണ് അവിടെ പോയത്. എത്ര നടന്‍മാരെയും എത്ര ക്രിക്കറ്റ് താരങ്ങളെയും എത്ര ഗായകരെയും എത്ര ബിസിനസുകാരെയും അണിനിരത്തിയാലും കേരളത്തില്‍ ബിജെപി പച്ച തൊടാന്‍ പോകുന്നില്ല. പതിനെട്ടാം ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് ഒരംഗത്തെ പോലും ഡല്‍ഹിയ്ക്ക് അയക്കാന്‍ ബിജെപിക്ക് കഴിയില്ല. കേരളത്തില്‍ മോദി വന്ന് പറഞ്ഞു പോകുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ഒച്ചപോകുക മാത്രമേയുള്ളു.

പാര്‍ട്ടിയില്‍ ഇപ്പോള്‍ ഒരു അടിയും ഇല്ല. സുധീരന്‍ പാര്‍ട്ടി ഫോറത്തില്‍ ഒരഭിപ്രായം പറഞ്ഞുവെന്നത് മാത്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫിന് പ്രത്യേകിച്ച് ഒരുങ്ങേണ്ട കാര്യമില്ല. സിറ്റിങ് എംപിമാര്‍ തന്നെയാകും മത്സരരംഗത്ത്. ചില സീറ്റുകളില്‍ ഘടകകക്ഷികള്‍ തമ്മില്‍ സംസാരിച്ച് ധാരണയിലെത്തണം. രണ്ടോ മൂന്നോ സീറ്റുകളില്‍ സ്ഥാനാര്‍ഥിയെയും കണ്ടെത്തണം. അതൊന്നും പ്രയാസമുള്ള കാര്യമില്ല.

പാര്‍ട്ടിയിലെ ചെറിയ തര്‍ക്കങ്ങള്‍ ഒന്നും ഒരടിയിലേക്കോ പോകില്ല. നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഒരു സംഘര്‍ഷം പാര്‍ട്ടിക്കകത്ത് ഇല്ല. തന്റെ പേര് എല്ലാ മണ്ഡലങ്ങളിലും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പാര്‍ട്ടി പറയുന്നിടിത്ത് മത്സരിക്കും. വടകരയില്‍ തന്നെ മത്സരിക്കാനാണ് താത്പര്യം’- മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!