IPL 2025: റിക്കല്‍ട്ടന്റെ അര്‍ധ സെഞ്ച്വറി; വാംഖഡെയില്‍ അനായാസം മുംബൈ, ആദ്യ ജയം

മുംബൈ: ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ ജയം സ്വന്തം മൈതാനമായ വാംഖഡെയില്‍ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ബൗളിങിലും ബാറ്റിങിലും മുംബൈ ഇന്ത്യൻസിന്റെ സർവാധിപത്യമാണ് വാംഖഡെയിൽ കണ്ടത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ 8 വിക്കറ്റിന്റെ അനായാസ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ വെറും 116 റണ്‍സില്‍ പുറത്താക്കിയ മുംബൈ 12.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 121 റണ്‍സെടുത്താണ് ജയത്തിലെത്തിയത്.

41 പന്തില്‍ 5 സിക്‌സും 4 ഫോറും സഹിതം പുറത്താകാതെ 62 റണ്‍സെടുത്ത ഓപ്പണര്‍ റിയാന്‍ റിക്കല്‍ടന്റെ കിടിലന്‍ ബാറ്റിങാണ് മുംബൈ ജയം എളുപ്പമാക്കിയത്. 9 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 27 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്നു സൂര്യകുമാര്‍ യാദവ് ടീം ജയം കൂടുതല്‍ വേഗത്തിലുമാക്കി.

രോഹിത് ശര്‍മ 12 പന്തില്‍ 13 റണ്‍സുമായി മടങ്ങി. രോഹിത് ഇംപാക്ട് പ്ലെയറായാണ് കളത്തിലെത്തിയത്. വില്‍ ജാക്‌സാണ് പുറത്തായ മറ്റൊരു താരം. 16 റണ്‍സാണ് വില്‍ ജാക്‌സ് നേടിയത്. ഇരുവരേയും ആന്ദ്രെ റസ്സലാണ് മടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മുംബൈ അതിവേഗം കൂടാരം കയറ്റി. 16.2 ഓവറില്‍ കെകെആര്‍ 116 റണ്‍സില്‍ ഓള്‍ ഔട്ടായി.

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ കെകെആറിനെ മുംബൈ പ്രതിരോധത്തിലാക്കി. കൊല്‍ക്കത്തയുടെ കൂറ്റനടിക്കാരെ അതിവേഗം മടക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്കായി.

4 വിക്കറ്റുകള്‍ വീഴ്ത്തിയ മീഡിയം പേസര്‍ അശ്വനി കുമാറിന്റെ ബൗളിങിനു മുന്നില്‍ കെകെആര്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. കരിയറിലെ ആദ്യ ഐപിഎല്‍ പോരിനിറങ്ങിയ അശ്വനി ചരിത്ര നേട്ടത്തോടെയാണ് കളം വിട്ടത്. ഒരു ഐപിഎല്‍ പോരാട്ടത്തില്‍ നാലോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്ന ആറാമത്തെ ബൗളറായി താരം മാറി.

88 റണ്‍സെടുക്കുന്നതിനിടെ കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് വാലറ്റമാണ് സ്‌കോര്‍ 100 കടത്തിയത്.

16 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്ത ഇംപാക്ട് പ്ലെയര്‍ അംഗ്കൃഷ് രഘുവംശിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. വാലറ്റത്ത് രമണ്‍ദീപ് സിങ് നടത്തിയ കൂറ്റനടികളാണ് സ്‌കോര്‍ 100 കടത്തിയത്. താരം 12 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 22 റണ്‍സെടുത്തു. റിങ്കു സിങ് (17), മനീഷ് പാണ്ഡെ (19), ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

അശ്വനി കുമാറിനു പുറമെ ദീപക് ചഹര്‍ രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ, മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!