കോഹ്‌ലിയുടെ ഹാട്രിക്ക് സെഞ്ച്വറി കാത്ത് ആരാധകര്‍, മൂന്നാം ഏകദിനം ഇന്ന്, ജയിക്കുന്നവര്‍ക്ക് പരമ്പര

വിശാഖപട്ടണം: ഇന്ത്യ -ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരം ഇന്ന് വിശാഖപട്ടണത്ത്. പരമ്പരയിലെ അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നാട്ടില്‍ ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമാകുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. നിലവില്‍ പരമ്പപര 1-1 എന്ന നിലയിലാണ്.

ഇന്ത്യയെ സംബന്ധിച്ച് മത്സരത്തില്‍ ടോസ് നിര്‍ണായകം. കഴിഞ്ഞ 20 മത്സരങ്ങളില്‍ ഇന്ത്യക്ക് ടോസ് കിട്ടിയിട്ടില്ല. മഞ്ഞുവീഴ്ച രണ്ടാമത് പന്തെറിയുന്ന ടീമിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. റായ്പുരില്‍ നടന്ന രണ്ടാം മത്സരത്തില്‍ 358 റണ്ണടിച്ചിട്ടും ഇന്ത്യക്ക് ജയിക്കാനായില്ല. മഞ്ഞുവീഴ്ച ഒരു ഘടകമാണെങ്കിലും ബൗളര്‍മാരുടെയും -ഫീല്‍ഡര്‍മാരുടെയും മോശം പ്രകടനമാണ് പ്രധാന കാരണം. ആദ്യ ഏകദിനത്തില്‍ ഇന്ത്യ പരാജയത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

പരമ്പരയില്‍ കോഹ്‌ലി തുടരെ രണ്ട് സെഞ്ച്വറികള്‍ അടിച്ചു നില്‍ക്കുന്നതിനാല്‍ ആരാധകര്‍ ഹാട്രിക്ക് ശതകമാണ് സൂപ്പര്‍ താരത്തില്‍ നിന്നു പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തില്‍ കോഹ്‌ലി 135 റണ്‍സെടുത്തു. രണ്ടാം മത്സരത്തില്‍ 102 റണ്‍സുമാണ് കോഹ്ലി കണ്ടെത്തിയത്. രോഹിത് ശര്‍മ, കന്നി സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്വാദ്, ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്തുനല്‍കുന്നു. അതേസമയം, യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് രണ്ട് കളിയിലും തിളങ്ങാനായില്ല.

മറുവശത്ത് ഇന്ത്യന്‍ മണ്ണില്‍ അപൂര്‍വ നേട്ടം ലക്ഷ്യമിടുകയാണ് ദക്ഷിണാഫ്രിക്ക. ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കം. ബാറ്റിങ് നിരയാണ് കരുത്ത്. എയ്ഡന്‍ മാര്‍ക്രം, ക്യാപ്റ്റന്‍ ടെംബ ബവുമ, മാത്യു ബ്രീറ്റ്സ്‌കി, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് ഭീഷണിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!