തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള ആലപ്പി റിപ്പിള്‍സിനെതിരേ മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഓപ്പണര്‍ സഞ്ജു സാംസണ്‍ വെടിക്കെട്ട് ഇന്നിങ്‌സുമായി വീണ്ടും ടീമിന്റെ ദൗത്യം തോളിലേറ്റെടുക്കുകയായിരുന്നു. സഞ്ജുവിന്റെ അര്‍ധ സെഞ്ചുറി ബലത്തിലാണ് ടീം ജയം സാധ്യമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കെ.എം. ആസിഫും കൊച്ചിയുടെ ജയത്തില്‍ നിര്‍ണായക ഭാഗഭാക്കായി. ജലജ് സക്‌സേനയുടെ ഓള്‍റൗണ്ടിങ് മികവ് ആലപ്പിയെ രക്ഷിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ആലപ്പി റിപ്പിള്‍സ് ഓപ്പണര്‍മാരായ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെയും ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെയും മികവില്‍ നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 178/7 (18.2 ഓവര്‍).
