പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്നവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരുടെ കാറും പോലീസ് പിടിച്ചെടുത്തുവെന്നാണ് സൂചന.
അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട വ്യാപാരി ജോർജ് ഉണ്ണുണ്ണിയുടെ സ്ഥാപനത്തിന്റെ കടയ്ക്ക് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം തുടർ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
കഴിഞ്ഞ ദിവസമാണ് കടയ്ക്കുള്ളിൽ ജോർജ് ഉണ്ണുണ്ണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. വൈകീട്ട് ജോർജിന് കൂട്ടിക്കൊണ്ട് പോകാൻ എത്തിയ കൊച്ചുമകൻ ആയിരുന്നു മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
വായിൽ തുണി തിരുകി കൈകാലുകൾ ബന്ധിച്ച നിലയിൽ ആയിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടത്തിൽ നിന്നും കഴുത്തു ഞെരിച്ചാണ് ജോർജിനെ കൊലപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമായി.