കോഴിക്കോട് : ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതോടെ മക്കളെ വിഷംനല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍.
വിഷം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്ന് അവശരായ കുട്ടികളെ പോലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മൂന്നും രണ്ടും വയസ്സുള്ള കുട്ടികള്‍ അപകടനില തരണംചെയ്തതായി കൊയിലാണ്ടി പോലീസ് അറിയിച്ചു. മക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു ഇയാളുടെ തീരുമാനമെന്ന് പോലീസ് പറഞ്ഞു.
കുട്ടികളുടെ അമ്മ അച്ഛനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതോടെ രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളില്‍ ഒരാളെ മേലൂരിലെയും മറ്റേയാളെ വടകരയിലെയും ബന്ധുവീടുകളിലായിരുന്നു നിര്‍ത്തിയിരുന്നത്. ശനിയാഴ്ച രാത്രി പത്തരയോടെ കുഞ്ഞിനെ സംരക്ഷിച്ചുപോന്നിരുന്ന വടകരയിലെ ബന്ധു കുട്ടിയെ അവരുടെ അച്ഛന്‍ കൂട്ടിക്കൊണ്ടുപോയെന്നും അയാളുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയെന്നും പറഞ്ഞ് വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ താമസിക്കുന്ന വീട്ടില്‍ കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം കുട്ടികളുടെ അമ്മ അച്ഛനെതിരെ പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് വിവരം.
കുട്ടികളെ ഉപേക്ഷിച്ച് പോയതിനെത്തുടര്‍ന്ന് അമ്മയുടെയും സുഹൃത്തായ യുവാവിന്റെയും പേരില്‍ പോലീസ് കേസെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.