320 കോടി രൂപയുടെ ഇടപാട്, ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ഏകദേശം 320 കോടി രൂപയുടെ ഇടപാടിനാണ് കളമൊരുങ്ങുന്നതെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ ഭീകരവാദ സംഘടനകളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമസേന സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. റഫാല്‍ വിമാനങ്ങളില്‍നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ക്കൊപ്പം വിക്ഷേപിച്ച സ്‌കാല്‍പ് മിസൈലുകള്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തു. പാകിസ്ഥാന്‍ വ്യോമസേനയുടെ 12 പ്രധാന വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിക്കുകയും യുദ്ധവിമാനങ്ങള്‍ തകര്‍ത്തതുള്‍പ്പെടെ സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗപ്പെടുത്തിയാണ്.

250 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരെവരെ ആക്രമണം നടത്താന്‍ സാധിക്കുന്നവയാണ് സ്‌കാല്‍പ് മിസൈലുകള്‍. 450 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ഈ മിസൈലിന് റഡാര്‍ നിരീക്ഷണത്തെ വെട്ടിക്കാനുള്ള കഴിവുമുണ്ട്.

ഭാവിയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകാന്‍ പോകുന്ന 26 റഫാല്‍ മറൈന്‍ യുദ്ധവിമാനങ്ങളിലും ഈ മിസൈലുകള്‍ ഘടിപ്പിക്കും. ഇതുകൂടാതെ, 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം ഉടന്‍ പൂര്‍ത്തിയാക്കും. മീറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈലുകള്‍ വാങ്ങാനുള്ള നീക്കങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട്.

അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ റഫാല്‍ വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായി മാറും. ഇതിനോടൊപ്പം നാവികസേനയുടെ റഫാലുകള്‍ ചേരുന്നതോടെ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും. 114 റഫാല്‍ വിമാനങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെയാകും നിര്‍മിക്കുക. ഇതില്‍ 60 ശതമാനവും ഇന്ത്യയില്‍ നിര്‍മിച്ച ഘടകങ്ങളാകും ഉപയോഗിക്കുക. മാത്രമല്ല, ഇന്ത്യയുടെ പ്രതിരോധ ആയുധങ്ങളും ഇവയില്‍ ഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!