449 കോടി രൂപ ചെലവ്, ലോകോത്തര അര്‍ബുദ ചികിത്സാസൗകര്യം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി : അര്‍ബുദത്തിനോട് പൊരുതുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസ തണലാകാന്‍ കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും.

ലോകോത്തര അര്‍ബുദ ചികിത്സാ സൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് കളമശേരിയില്‍ നിര്‍മിച്ച ഒന്‍പത് നില കെട്ടിടം തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. മന്ത്രി പി രാജീവ് പ്രഭാഷണം നടത്തും.

കളമശേരിയില്‍ 12.63 ഏക്കറില്‍ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഐസിയു ഉള്‍പ്പെടെ 451 കിടക്കകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാണ് സജ്ജമാക്കിയത്. അത്യാധുനിക സ്‌കാനിങ്, എക്സറേ, റേഡിയേഷന്‍ ഉപകരണം എന്നിവ സജ്ജമാക്കി. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ചികിത്സയോടൊപ്പം കാന്‍സര്‍ ഗവേഷണവും ലക്ഷ്യമിടുന്നുണ്ട്.

സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കായി 12 ഓപ്പറേഷന്‍ തിയേറ്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരെണ്ണം ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഗവേഷണ ആവശ്യങ്ങള്‍ക്ക് മാത്രമായി കെട്ടിടത്തില്‍ 10,000 ചതുരശ്ര അടി സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. കിഫ്ബി വഴി പണം കണ്ടെത്തിയാണ് കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ പൂര്‍ത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!