മാവേലിക്കരയിൽ വൻ അഗ്നിബാധ… ആയുർവേദ ആശുപത്രി കത്തിനശിച്ചു… തീ അണച്ചത് 5 യൂണിറ്റ് ഫയർഫോഴ്സ് എത്തി…

മാവേലിക്കര :  ചെട്ടികുളങ്ങര കമ്പനിപ്പടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മധുരാപുരി എന്ന ആയുർവേദ ആശുപത്രിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11.30ഓടെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇവർ വിവരം അറിയച്ചതിനെത്തുടർന്ന് മാവേലിക്കരയിൽ നിന്നും  അഗ്നിശമനസേനാ സംഘം എത്തിയെങ്കിലും കെട്ടിടത്തിൽ വലിയ രീതിയിൽ തീ ആളിപടർന്നിരുന്നതിനാൽ കായംകുളം, ചെങ്ങന്നൂർ നിലയങ്ങളിൽ നിന്നുള്ള വാഹനങ്ങളും എത്തിച്ചാണ് തീ അണച്ചത്.

ഫയർഫോഴ്സിന്റെ 5 യൂണിറ്റുകൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാവേലിക്കര, കായംകുളം നിലയത്തിൽ നിന്നുള്ള രണ്ട് യൂണിറ്റുകളും ചെങ്ങന്നൂർ നിലയത്തിൽ നിന്നുള്ള ഒരു യൂണിറ്റും 2 മണിക്കൂറോളം പ്രവർത്തിച്ച് 3 മണിയോടെ തീ നിശ്ശേഷം അണച്ചു.

തട്ടാരമ്പലം സ്വദേശി ധനഞ്ജയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് 60 വർഷത്തെ പഴക്കമുണ്ട്. കൊല്ലം സ്വദേശി മനു ശങ്കർ ആണ് ഇവിടെ മധുരാപുരി എന്ന പേരിൽ 2 വർഷമായി ആയുർവേദ സ്ഥാപനം നടത്തുന്നത്. 3000 സ്ക്വയർ ഫീറ്റ് വരുന്ന ഓടുമേഞ്ഞ തടിക്കൊണ്ടുള്ള അറപ്പുരയോടുകൂടിയതും തടിയുടെ സീലിംഗുമുള്ള കെട്ടിടത്തിൻ്റെ മുക്കാൽ ഭാഗത്തോളം പൂർണമായും കത്തിനശിച്ചു. ആയുർവേദ ആശുപത്രിയുടെ എണ്ണത്തോണി, കട്ടിലുകൾ അടക്കമുള്ള ഫർണിച്ചറുകൾ, മരുന്നുകൾ, 2 കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു. ആശുപത്രിയുടെ ചുമതലക്കാരിയും സിനിമ ഡയറക്ടറുമായ മായയുടെ ഷൂട്ട് ചെയ്ത സിനിമയുടെ ഹാർഡ് ഡിസ്കും, റെഡ് എപിക് ക്യാമറയും അനുബന്ധ സാധനങ്ങളും കത്തിനശിച്ചതായും ഇവർ പറയുന്നു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. രാവിലെ പോലീസ്, കെ.എസ്.ഇ.ബി സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഷോർട്ട് സർക്യൂട്ട് ആണോ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമങ്ങൾ നടന്നിട്ടുണ്ടോ എന്നും, പരിശോധിക്കുമെന്ന് മാവേലിക്കര പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!