അമ്പലപ്പുഴ ക്ഷേത്രത്തിൽ തൊഴാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി…ആലപ്പുഴയിലെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്….

ആലപ്പുഴ  : കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാത്രിയിൽ മറ്റൊരാൾ വിജയലക്ഷ്മിയുടെ ഫോണിൽ വിളിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആൺസുഹൃത്ത്  ജയചന്ദ്രനെന്നാണ് പ്രതി. അമ്പലപ്പുഴ ക്ഷേത്രത്തിൽ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രൻ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോൾ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല.

പ്ലയർ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രൻ കൊലപ്പെടുത്തിയത്. തുടർന്ന് നിർമ്മാണം നടക്കുന്ന വീട്ടിൽ കുഴിച്ചിടുകയായിരുന്നു. മൃതദേഹം കെട്ടിവലിച്ചാണ് നിർമ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അമ്പലപ്പുഴ കാരൂർ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രൻ.

ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബർ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബർ ആറ് മുതൽ കാണാനില്ലെന്നായിരുന്നു പരാതി.

ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ ഇടുകയായിരുന്നു. കളഞ്ഞുകിട്ടിയ ഫോൺ കെഎസ്ആർടിസി ജീവനക്കാരൻ പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ചെന്നെത്തിയത് ജയചന്ദ്രനിലായിരുന്നു.

വീടിന് സമീപം കുഴിച്ചിട്ട മൃതദേഹം പോലീസിന്റെ നേതൃത്വത്തിൽ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!