‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ, കഷ്ടം’; സന്ദീപിനെ ആയുധമാക്കി ഇടതുപക്ഷം; സുന്നി പത്രങ്ങളിലെ പരസ്യം വിവാദത്തില്‍…

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണദിവസം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം. വോട്ടെടുപ്പിന്റെ തലേദിവസം സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് സരിന് വേണ്ടിയുള്ള എല്‍ഡിഎഫിന്റെ വോട്ടഭ്യര്‍ഥന. ‘ ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. എപി വിഭാഗത്തിന്റെ സിറാജ് പത്രത്തിലും സമസ്തയുടെ സുപ്രഭാതം  പത്രത്തിലുമാണ് എല്‍ഡിഎഫ് പരസ്യം ഉള്ളത്.

സരിനെ പുറത്താക്കി വര്‍ഗീയതയുടെ കാളകൂട വിഷത്തെ സ്വീകരിച്ചെന്നും പരസ്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നു. സന്ദീപിന്റെ പഴയ പല പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ചാണ് സരിന്‍ തരംഗം എന്ന തലക്കെട്ടില്‍ എല്‍ഡിഎഫിന്റെ പരസ്യം. കശ്മിരികളുടെ കൂട്ടിക്കൊലയ്ക്ക് ആഹ്വാനം ചെയ്തതുള്‍പ്പടെയുള്ള സന്ദീപ് വാര്യര്‍ സാമൂഹിക മാധ്യമക്കുറിപ്പുകളും പരസ്യപ്പേജില്‍ ഇടം പിടിച്ചു.

എല്‍ഡിഎഫിന്റെ പരസ്യത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഈ പത്രപരസ്യം സിപിഎമ്മിന്റെ ഗതികേടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സന്ദീപിനെ സ്വീകരിക്കാന്‍ നിന്നവര്‍ ഇപ്പോള്‍ വര്‍ഗീയതയെ കുറിച്ച് പറയുകയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സരിന്റെ പരസ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനാവശ്യവിവാദം  ഉണ്ടാക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പരസ്യം എല്ലാ പത്രങ്ങളിലുമുണ്ട്. സുപ്രഭാതത്തിലേയും സിറാജിലേയും പരസ്യം മാത്രം വിവാദമാക്കുന്നത് എന്തിനെന്നും രാജേഷ് ചോദിച്ചു. സന്ദീപിന്റെ വര്‍ഗീയത തുറന്നുകാട്ടുകയായിരുന്നു പരസ്യത്തിന്റെ ലക്ഷ്യമെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!