ഡെൻവർ : ഡെൻവറിൽ നിന്ന് ടെക്സാസിലെ ഹൂസ്റ്റണിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിനിടെ വിമാനത്തിന്റെ ക്യാബിനിൽ തീ പടർന്നു. വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 110ലേറെ യാത്രക്കാർ.
വെള്ളിയാഴ്ച ഡെൻവർ വിമാനത്താവളത്തിലാണ് സൌത്ത് വെസ്റ്റ് എയർലൈൻ വിമാനത്തിനുള്ളിൽ തീ പടർന്നത്. യാത്രക്കാരിലൊരാളുടെ കയ്യിലുണ്ടായിരുന്നു ഫോണിന്റെ ബാറ്ററിക്ക് തീ പിടിച്ചതിന് പിന്നാലെയാണ് ക്യാബിനിൽ തീ പടർന്നത്.
തീയുണ്ടാകാനുള്ള കാരണം തിരിച്ചറിയാതെ വന്നതോടെ ടേക്ക് ഓഫിന് ഒരുങ്ങിയ ആളുകൾ കയ്യിൽ കിട്ടിയ ലഗേജുമായി പുറത്തിറങ്ങാൻ തിക്കും തിരക്കും കൂട്ടിയതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു.
ക്യാബിനിൽ കറുത്ത പുക കണ്ടെന്നും പിന്നാലെ തീ എന്നുള്ള യാത്രക്കാരുടെ ബഹളം മാത്രമാണ് ഓർമ്മയുള്ളതെന്നുമാണ് യാത്രക്കാരിൽ പലരും സംഭവത്തേക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ലെന്നും എല്ലാവർക്കുമൊപ്പം ഓടേണ്ടി വന്നുമെന്നുമാണ് മറ്റൊരു യാത്രക്കാരൻ വിശദമാക്കുന്നത്.