കട്ടപ്പന അമ്മിണി കൊലക്കേസ് : പ്രതി മണിക്ക് ജീവപര്യന്തം

കട്ടപ്പന: കട്ടപ്പന അമ്മിണി കൊലക്കേസിൽ പ്രതി മണിക്ക് ജീവപര്യന്തം തടവു ശിക്ഷ. വിവിധ വകുപ്പുകളിലായി 23 വർഷം ശിക്ഷ അനുഭവിക്കണം. ഇടുക്കി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കു മേൽ ചുമത്തിയ മോഷണം, അതിക്രമിച്ചു കയറൽ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി.

2020 ലാണ് കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദർശിനി എസ്‌സി കോളനിയിൽ കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65) കൊലപ്പെടുത്തുന്നത്. പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ അയൽവാസിയായ മണിയെ (43) തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

2020 ജൂൺ 2ന് രാത്രി 8.30ന് അമ്മിണിയുടെ വീട്ടിൽ എത്തിയ മണി അവരെ കടന്നുപിടിക്കാൻ ശ്രമിച്ചു. അമ്മിണി ബഹളം കൂട്ടിയതോടെ കഴുത്തിൽ അമർത്തിപ്പിടിക്കുകയും കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുതറി മാറാൻ വീണ്ടും ശ്രമിച്ചപ്പോൾ കഴുത്തിൽ കത്തികൊണ്ട് കുത്തി. ഭയന്ന പ്രതി വീട്ടിലേക്കു പോയി രക്തം വീണ വസ്ത്രം മാറിയ ശേഷം വീണ്ടും എത്തിയപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു.

തുടർന്ന് രക്തം വീണ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞു. പിറ്റേന്നു മുതൽ മണി കൂലിപ്പണിക്കു പോയി. രണ്ടുമൂന്നു ദിവസത്തിനു ശേഷം വീണ്ടുമെത്തി വൃദ്ധയുടെ മൃതദേഹം മറവു ചെയ്തു. അമ്മിണിയുടെ മൊബൈൽ ഫോൺ എടുത്ത് ബാറ്ററി ഊരിമാറ്റി ഒളിപ്പിക്കുകയും ചെയ്തു. തുടർന്ന് പച്ചക്കറി വാഹനത്തിൽ കയറി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!