കോട്ടയം: സ്വാമി ഭക്തര്‍ എരുമേലിയില്‍ പേട്ടകെട്ടി സ്‌നാനം ചെയ്ത് കയറിവരുമ്പോള്‍ നെറ്റിയില്‍ ചന്ദനം,കുങ്കുമം,ഭസ്മം എന്നിവ ചാര്‍ത്തണമെങ്കില്‍ ഇനി പണം നല്‍കണം. ഒരാളില്‍ നിന്നും പരമാവധി 10രൂപ വരെ ഈടാക്കാമെന്ന വിചിത്ര തീരുമാനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൈക്കൊണ്ടിരിക്കുന്നത്.
എരുമേലി വലയമ്പലത്തിലെ ആനക്കാട്ടിലിന് സമീപവും ക്ഷേത്രത്തിന്റെ പിന്നിലെ നടപ്പന്തലിലുമായി നാല് സ്ഥലങ്ങളില്‍ പൊട്ടുകുത്തല്‍ നടത്തുന്നതിനുള്ള അവകാശം 2500 രൂപ സെക്യൂരിറ്റി തുക ഏര്‍പ്പടുത്തി ദേവസ്വം ബോര്‍ഡ് ലേലം ചെയ്തു കഴിഞ്ഞു. ഇതാദ്യമായാണ് ഇത്തരമൊരു നടപടി ദേവസ്വം ബോര്‍ഡില്‍ നിന്നും ഉണ്ടാകുന്നത്.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് പേട്ടവഴിയിലെ ചില കടകള്‍ കേന്ദ്രീകരിച്ച് ഇത്തരം നടപടികള്‍ നടന്നത് വലിയ വിവാദത്തിലാകുകയുണ്ടായി. പണമുണ്ടാക്കാനുള്ള പുതിയ തന്ത്രമായി പൊട്ടുകുത്തല്‍ ഇത്തവണ ദേവസ്വം ബോര്‍ഡ് തന്നെ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇതര സ്റ്റാളുകളില്‍ ഇത്തരം പൊട്ടുകുത്തല്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നുണ്ടെങ്കിലും കഴിഞ്ഞവര്‍ഷത്തെ നടപടികള്‍ ആവര്‍ത്തിക്കാനുള്ള സാഹചര്യത്തിനാണ് ദേവസ്വം ബോര്‍ഡ് വഴിതുറന്നിരിക്കുന്നത്.
എരുമേലി ക്ഷേത്രത്തിന് സമീപത്തെ പൊട്ടുകുത്തല്‍ താത്കാലിക സ്റ്റാളുകള്‍ക്ക് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ഒരു സ്റ്റാളിന് 30000 രൂപ ആവശ്യപ്പെട്ടപ്പോള്‍ ഇ ടെന്‍ഡര്‍ വഴി മൂന്ന് സ്റ്റാളുകള്‍ ഏതാണ്ട് ഒന്‍പത് ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയതെന്നാണറിയിന്നത്.
തീര്‍ത്ഥാടന കാലത്ത് പേട്ടകെട്ട് കഴിഞ്ഞ് കുളികഴിഞ്ഞെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചന്ദന കുറി തൊടുന്നതിനായി നടപന്തലില്‍ പ്രത്യേക സൗകര്യം മുന്‍കാലങ്ങളില്‍ ഒരുക്കിയിരുന്നു. മേഖലയിലെ പ്രായമായ അമ്മമാരായിരുന്നു ഇത്തരത്തില്‍ കുറിതൊടല്‍ സൗകര്യം ഒരുക്കിയിരുന്നത്. ആ പരമ്പരാഗത സംവിധാ നമാണ് ഇപ്പോള്‍ ബോര്‍ഡ് വാണിജ്യവല്‍ക്ക രിച്ചിരിക്കുന്നത്. ഇതിനെതിരെ ക്തമായ പ്രതിഷേധം ഹൈന്ദവ സംഘടനകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.
പൊട്ടുകുത്തുന്നത് കച്ചവടമാക്കി മാറ്റിയ ദേവസ്വം ബോര്‍ഡ് ഇനി ‘ശരണം’ വിളിക്കും നികുതി ചുമത്തിയാല്‍ അത്ഭുതപ്പെടേണ്ട തില്ലെന്നാണ് ദേവസ്വം നടപടിയോട് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി പ്രതികരിച്ചത്.