പാമ്പാടി : നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ആലാമ്പള്ളി – മാന്തുരുത്തി റോഡിൽ വാഹന യാത്രികർക്കും കാൽനടക്കാർക്കും ഭീഷണിയായി ഇരുവശവും കാടുകൾ കയറി കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. പൊതുമരാമത്ത് വകുപ്പിൻ്റെ ശ്രദ്ധ ഇവിടേക്ക് എത്താറില്ല.
ആലാമ്പള്ളി ജംഗ്ഷനിൽ നിന്നും മാന്തുരുത്തി റോഡിലെ ആദ്യ വളവിൽ കാഴ്ച്ച മറക്കുന്ന രീതിയിൽ വളർന്ന് നിൽക്കുന്ന കാടുകൾ കാൽനടക്കാർക്കും വാഹന യാത്രികർക്കം ഒരേപോലെ ഭീഷണിയാണ്. ഇവിടെ വേഗതയിൽ എത്തുന്ന വാഹനങ്ങൾ ഇടിക്കാതെ കാൽനട യാത്രക്കാർ രക്ഷപ്പെടുന്നത് അത്ഭുതകരമായി ആണ്.
റോഡിന്റെ വശത്ത് കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുവാൻ പ്രത്യേക നടപ്പാത ക്രമീകരണം ഒരുക്കിയിട്ടില്ല. അതിനാൽ വാഹനങ്ങൾ മിക്കവാറും ടാറിംഗ് തീരുന്നതിനോട് ചേർന്നാണ് വരുന്നത്. ഇവിടംവരെ കാട് വലിയ തോതിൽ വളർന്നിരിക്കുകയാണ്. അപകടകരമായ നിലയിൽ ഏതെങ്കിലും വാഹനം വരുന്നത് ശ്രദ്ധയിൽപ്പെട്ടു നീങ്ങിയാൽ കല്ക്കെട്ടിൽ നിന്നും താഴേക്ക് വീഴുകയും ചെയ്യും.
പാതയുടെ വശം കാട് വളർന്നതിനാൽ കാൽനടക്കാർ മിക്കപ്പോഴും ടാറിംഗിലൂടെയാണ് നടക്കുന്നത്. ഇത് കൂടുതൽ അപകടത്തിന് അപകടത്തിന് വഴിവയ്ക്കും. കഴിഞ്ഞ ബുധനാഴ്ച്ച റോഡിലൂടെ നടന്നുവന്ന കാൽനടയാത്രികനെ ബൈക്ക് ഇടിച്ചിരുന്നു. അപകടത്തിൽ നിസ്സാര പരുക്കളോടെ ഇലക്കൊടിഞ്ഞി സ്വദേശി രമേശ് രക്ഷപെട്ടു.
നിരവധി അപകടങ്ങളാണ് ഈ റോഡിൽ നടക്കുന്നത് കൂടാതെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. എത്രയും വേഗം കാട് വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.