കാറിന്റെ സൺ റൂഫിലിരുന്ന് യുവാവിന്റെ സാഹസികയാത്ര; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കുമളി : കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യുവാവിന്റെ അപകടകരമായ യാത്ര. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്.

കൊട്ടാരക്കര-ദിണ്ടുഗല്‍ ദേശീയപാതയില്‍ കുമളിയില്‍നിന്നും ലോവർക്യാമ്പിലേക്കുള്ള റോഡിലാണ് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറില്‍ യുവാവ് അപകടകരമായ യാത്ര നടത്തിയത്.

തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സണ്‍റൂഫിന് മുകളില്‍ ഇരുന്ന് അപകടയാത്ര നടത്തുന്ന ദൃശ്യങ്ങള്‍ യുവാവ് സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ പോയവർ പകർത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഈ വീഡിയോ എത്തിയതോടെ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്നാടിന്റെ പരിധിയില്‍ വരുന്ന സ്ഥലത്താണ് യുവാവ് അപകടകരമായ യാത്ര നടത്തിയിട്ടുള്ളത്. അതിനാല്‍ യുവാവിനെതിരെ നടപടി സ്വീകരിക്കാൻ തേനി ആർ.ടി.ഒ.യ്ക്ക് കത്ത് കൊടുക്കുമെന്ന് കുമളി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!