ആര് ചികിത്സിക്കും പാമ്പാടി താലൂക്ക് ആശുപത്രിയെ!

പാമ്പാടി : ദേശീയ പാതയോരത്ത് കോട്ടയത്തിനും കാഞ്ഞിരപ്പള്ളിക്കും ഇടയിലെ ജനത്തിരക്കേറിയ സര്‍ക്കാര്‍ ആശുപത്രിയാണ് പാമ്പാടിയിലേത്. പക്ഷേ, അതിനനുസരിച്ച് അര്‍ഹിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നില്ല. ആശുപത്രിയെ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ തന്നെ കാലങ്ങളോളം വേണ്ടിവന്നു.
ഇപ്പോഴും അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ നടപ്പാക്കപ്പെടേണ്ട സംവിധാനങ്ങളൊന്നും നിലവില്‍ വന്നിട്ടില്ല. വികസനം പേരില്‍ മാത്രമൊതുങ്ങുന്ന അവസ്ഥയാണ് പാമ്പാടി താലൂക്കാശുപത്രിയുടേത്. ചികിത്സാവശ്യങ്ങള്‍ക്കായി പാമ്പാടി, മീനടം, കൂരോപ്പട എന്നീ പഞ്ചായത്തുകളിലെ സാധാരണക്കാരായ ആളുകള്‍ ആദ്യം ആശ്രയിക്കുന്നത് ഈ താലൂക്ക് ആശുപത്രിയേയാണ്.

എന്നാല്‍ മതിയായ സൗകര്യങ്ങളുടെ അഭാവവും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ട് നാളുകളായി. ആശുപത്രിയിലേക്ക് എത്തുമ്പോള്‍ തന്നെ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും, അവയിലെ ഡോക്ടര്‍മാരുടെ സേവനത്തെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ആ സേവനം ഇതുവരെ ലഭ്യമായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

രാത്രികാലങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കാറുള്ളത്. അപകടങ്ങളില്‍പ്പടുന്നവര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ എത്തുന്ന അത്യാഹിത വിഭാഗത്തില്‍ പോലും രാത്രികാലങ്ങളില്‍ നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടാകാറുള്ളത്. മുന്‍പ് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമായിരുന്നു.

ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉടന്‍ തുടങ്ങുമെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകളേറയായി. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇതുമൂലം പാമ്പാടിയിലും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ രോഗികള്‍ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടിവരികയാണ്.

ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് പോകുന്ന രോഗികള്‍ അടിയന്തിര ഘട്ടങ്ങളില്‍ ആശ്രയിക്കുന്നത് പാമ്പാടി താലൂക്ക്  ആശുപത്രിയേയാണ്. അടിയന്തിര ഘട്ടങ്ങളില്‍ ലഘു ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ പോലും ചെയ്യാന്‍ സര്‍ജന്‍മാരില്ല. ഇതുമൂലം സ്വകാര്യ ആശുപത്രികളോ, മെഡിക്കല്‍ കോളേജോ ആണ് രോഗികളുടെ ആശ്രയകേന്ദ്രം. ആശുപത്രിയില്‍  രണ്ട് ആംബുലന്‍സുകളുണ്ടെങ്കിലും സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.  നേത്ര ചികിത്സാ വിഭാഗമുണ്ട്, പക്ഷേ ആധുനിക ഉപകരണങ്ങളൊന്നുമില്ല.

പ്രസവസംബന്ധമായ ചികിത്സകള്‍ ഇവിടെ ഇപ്പോഴും ലഭ്യമല്ല. ഇത്രയും സൗകര്യങ്ങള്‍ പോലുമില്ലാത്തപ്പോള്‍ പോലും പ്രസവങ്ങള്‍ എടുത്തിരുന്ന ആശുപത്രിയാണിത്. ആശുപത്രിയിലെ എക്‌സ്‌റേ, ലാബ് യൂണിറ്റുകളുടെ സേവനം രാത്രിയില്‍ ലഭ്യമല്ലാത്തതിനാല്‍ അവശ്യഘട്ടങ്ങളില്‍ രോഗികള്‍ മണര്‍കാട് വരെ  പോയി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ യൂണിറ്റ്, ലാബ്, ഓപ്പറേഷന്‍ തിയേറ്ററുകള്‍, മോര്‍ച്ചറി, വെന്റിലേറ്റര്‍ ഐസിയു എന്നിവയുടെ സേവനങ്ങളെല്ലാം നടപ്പാക്കേണ്ടതായിട്ടുണ്ട്. ഇര പ്രവര്‍ത്തിപ്പിക്കുവാന്‍ സൗകര്യപ്രദമായ കെട്ടിടങ്ങളെല്ലാം നിലവിലുണ്ട്.

മഴ പെയ്താല്‍  ആശുപത്രിയുടെ പല ഭാഗങ്ങളും ചോര്‍ന്നൊലിക്കും ഓ പി സമയങ്ങളില്‍ നല്ലതിരക്കാണ് അനുഭവപ്പെടുന്നത്. ആശുപത്രിയുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നാണ് രോഗികളുടെയും ആശുപത്രി സന്ദര്‍ശിക്കുന്നവരുടെയും ആവശ്യം. ആശുപത്രിയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ടാങ്കറുകളില്‍ വെള്ളം എത്തിച്ചാണ് പരിഹാരം കാണുന്നത്.

ദേശീയ പാതയിലെ അപകടകരമായ വളവാണ് മറ്റാരു പ്രശ്‌നം. വാഹനങ്ങള്‍ മുഖാമുഖം എത്തുമ്പോള്‍ മാത്രം കാണുന്ന വളവിലാണ് ആശുപത്രിയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന പ്രധാന വഴി. ഇതുമൂലം ആംബുലന്‍സുകളുള്‍പ്പെടെ പെട്ടെന്ന് തിരിയുമ്പോള്‍ അപകടസാധ്യതയും കൂടുതലാണ്. ആശുപത്രിയില്‍  സുരക്ഷാ സംവിധാനങ്ങളും നിലവിലില്ല. പൊതുജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന നിലയില്‍ പാമ്പാടി താലൂക്ക് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!