ഏറ്റുമാനൂരിൽ മന്ത്രി വാസവൻ്റെ ഓഫീസിലേക്ക് ബിജെപി മാർച്ച്, പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം

കോട്ടയം :  സ്വർണപാളി വിവാദത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്  ബിജെപി പ്രവർത്തകർ മന്ത്രി വി എൻ വാസവൻ്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി.  സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് പ്രതിഷേധ മാർച്ചിൽ അണിനിരന്നത്. ബിജെപി ജില്ലാ -സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി.

അനൂപ് ആൻ്റണി ഉദ്ഘാടനം ചെയ്യുകയായിരുന്നു

മന്ത്രിയുടെ ലോക്കൽ ഓഫീസിന് സമീപം വെച്ച് മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർച്ചയായി 15-20 മിനിറ്റോളം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. തുടർന്ന് മാർച്ചിൻ്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷോൺ ജോർജ്, സി കൃഷ്ണകുമാർ, ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധ മാർച്ച് കഴിഞ്ഞു മടങ്ങിയവരെ ടൗണിൽ വെച്ച് സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് ഏറെ നേരം ഏറ്റുമാനൂർ ടൗണിൽ അനിശ്ചിതത്വം ഉണ്ടാക്കി. വീടുകളിലേക്ക് പോകാൻ ബസ് കാത്തു നിന്നിരുന്ന സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെയാണ് പോലീസ് കാഴ്ചക്കാരായി നോക്കിനിൽക്കെ സിപിഎം കാർ സംഘം ചേർന്നെത്തി അക്രമിച്ചതെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

ആക്രമണത്തിൽ നിന്നും രക്ഷതേടി പോലീസിനെ സമീപിച്ച സ്ത്രീകളോട് ഓടി രക്ഷപ്പെട്ടുകൊള്ളാനാണ് പറഞ്ഞതെന്നും നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ ഏതാനും ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!