കൊച്ചി: വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദിച്ചതിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. കുടുംബവഴക്കിനെ തുടർന്ന് ബന്ധുവായ സജീഷാണ് ജയയെ തല്ലാൻ ആളെ കൂട്ടിയത്. സംഭവത്തിന് പിന്നാലെ സജീഷും ജയയെ മർദിച്ച മൂന്നംഗ സംഘം ഒളിവിലാണ്. മർദനത്തിന് ഒത്താശ നൽകിയതിന്റെ പേരിൽ സജീഷിന്റെ ഭാര്യ പ്രിയങ്കയെയും സുഹൃത്ത് വിധുൻദേവിനെയും പൊലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം പോകണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ ജയയുടെ ഓട്ടോയിൽ കയറിയത്.ആശുപത്രിയിലെത്തിയ ശേഷം അവിടെ പണം വാങ്ങി നല്‍കാനുണ്ടെന്ന് പറഞ്ഞ് വീണ്ടും ഓട്ടോ ബിച്ചിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദനത്തില്‍ ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
ജയയുടെ അച്ഛന്റെ സഹോദരിയുടെ മകള്‍ പ്രിയങ്കയുടെ രണ്ടാംഭര്‍ത്താവാണ് സജീഷ്. വീട്ടിലേക്കുള്ള വഴിയിലൂടെ ഓട്ടോ ഓടിക്കുന്നതിനെ ചൊല്ലിയും ആദ്യ വിവാഹത്തിലെ കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ പേരിലും ജയയും സജീഷും തമ്മില്‍ കലഹം പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തു.
