ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിലേക്ക്; യുവാക്കൾ സഞ്ചരിച്ച കാർ ചേർത്തലയിൽ തോട്ടിൽ വീണു

ചേർത്തല : ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിച്ചിരുന്ന കാർ തോട്ടിൽ വീണു. മൂന്നാറിലേക്കു പോകാൻ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടുവന്ന തെലങ്കാന സ്വദേശികളുടെ വാഹനമാണ് തോട്ടിൽ വീണത്. ചേർത്തല തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജംക്‌ഷനു തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെന്റർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

മധുരയിൽനിന്ന് കൊല്ലം ആലപ്പുഴ വഴി മൂന്നാറിലേക്കു പോവുകയായിരുന്നു യുവാക്കൾ . ഹെൽത്ത് സെന്ററിനു സമീപം എത്തിയപ്പോൾ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കാണിക്കുന്നത് നിന്നു. തുടർന്ന് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോഴാണു പുറകുവശത്തെ ടയർ തോട്ടിലേക്ക് താഴ്ന്നത്. പെട്ടെന്നു തന്നെ വാഹനം നിർത്തി യാത്രക്കാർ ബഹളം വച്ചു. സമീപവാസികൾ ഓടിയെത്തി വാഹനം തുറന്ന് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

ജെസിബിയുടെ സഹായത്തോടെ രണ്ടുമണിക്കൂർ കൊണ്ടാണ് തോട്ടിൽനിന്നു വാഹനം കയറ്റിയത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനെ തുടർന്നു സംഘം മൂന്നാറിലേക്കു യാത്രതിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!