14കാരിക്ക് പീഡനം, അച്ഛനോട് പറഞ്ഞെങ്കിലും മറച്ചുവച്ചു, 45 കാരൻ അറസ്റ്റിൽ, അച്ഛനും ബന്ധുവും കൂട്ടുപ്രതികൾ…

കോഴഞ്ചേരി : പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 45 കാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 45 കാരനെ കോയിപ്രം പൊലീസാണ് പിടികൂടിയത്. തോട്ടപ്പുഴശ്ശേരി കോളഭാഗം പെരുമ്പാറ വീട്ടിൽ സുരേഷ് (45) ആണ് അറസ്റ്റിലായിട്ടുള്ളത്. ഈ വർഷം മേയ് 23 ന് ശേഷമുള്ള ഒരു ദിവസം രാത്രി ഉറക്കത്തിലായിരുന്ന കുട്ടിയെ 45കാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി അച്ഛനോടും ബന്ധുവായ സ്ത്രീയോടും പറഞ്ഞുവെങ്കിലും, ഇവർ പൊലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാൽ ഇരുവരെയും കൂട്ടുപ്രതികളായി കേസിൽ ഉൾപ്പെടുത്തി.

പിന്നീട് കുട്ടിയെ പാലയിലെ ഒരു സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. വിവരമറിഞ്ഞ കോയിപ്രം പൊലീസ് കുട്ടിയുടെ വിശദമായ മൊഴി അവിടെയെത്തി രേഖപ്പെടുത്തി. വനിതാ സെൽ എസ് ഐ ഐ വി ആഷയാണ് മൊഴിയെടുത്തത്. ഇതനുസരിച്ച് പൊലീസ് ഇൻസ്‌പെക്ടർ പി എം ലിബി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഒന്നാം പ്രതി സുരേഷിനെ ഉടനടി പിടികൂടുകയായിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!