‘കൂലി’ തുടങ്ങുന്നതിന് മുൻപ് ബദരിനാഥിലേക്ക്; ആത്മീയ യാത്രയിൽ രജിനികാന്ത്

ഹിമാലയത്തിലേക്ക് എല്ലാ വർഷവും ആത്മീയ യാത്ര നടത്താറുണ്ട് നടൻ രജിനികാന്ത്. പലപ്പോഴും രജിനിയുടെ ആത്മീയ യാത്ര വാർത്തകളിലിടം നേടാറുമുണ്ട്. ഇപ്പോഴിതാ തന്റെ ആത്മീയ യാത്രയ്ക്കായി പുറപ്പെട്ടിരിക്കുകയാണ് സ്റ്റൈൽ മന്നനിപ്പോൾ. ബദരിനാഥ്, കേദർനാഥ്, ബാബാജി കേവ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇത്തവണ രജിനികാന്ത് യാത്ര പുറപ്പെട്ടിരിക്കുന്നത്.

‘എല്ലാ വർഷവും എനിക്ക് പുതിയ അനുഭവങ്ങൾ ലഭിക്കും. അത് എന്നെ വീണ്ടും ആത്മീയ യാത്ര തുടരാൻ പ്രേരിപ്പിച്ചു. ഇത്തവണയും എനിക്ക് പുതിയ അനുഭവങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസ’മെന്ന് ഡെറാഡൂൺ എയർപോർട്ടിൽ വച്ച് രജിനികാന്ത് എഎൻഐയോട് പറഞ്ഞു. ആത്മീയതയുടെ പ്രാധാന്യത്തേക്കുറിച്ചും താരം മാധ്യമത്തോട് സംസാരിച്ചു.

‘ഈ ലോകത്ത് മനുഷ്യനെന്ന നിലയിൽ ആത്മീയത ആവശ്യമാണ്. ആത്മീയനായിരിക്കുക എന്നതിനർഥം ശാന്തിയോടെയും സമാധാനത്തോടെയും കൂടിയിരിക്കുക എന്നാണ്. ദൈവ വിശ്വാസവും ഇതിൽ ഉൾപ്പെടുന്നു’- താരം പറഞ്ഞു.

അടുത്തിടെ രജിനികാന്ത് അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിൽ ദർശനം നടത്തുന്ന രജിനികാന്തിൻ്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് ഇനി രജിനിയുടേതായി വരാനുള്ള ചിത്രം.

ചിത്രത്തിന്റെ ഷൂട്ടിങ് ജൂൺ അവസാനത്തോടെ തുടങ്ങുമെന്നാണ് വിവരം. ഇതിന് മുന്നോടിയായാണ് താരം ആത്മീയ യാത്ര നടത്തിയിരിക്കുന്നത്. ഓഗസ്റ്റിലാണ് പൊതുവേ താരം ആത്മീയ യാത്ര നടത്താറ്. എന്നാൽ ഇത്തവണ കൂലിയുടെ ഷൂട്ടിങ് ഉള്ളതു കൊണ്ടാണ് യാത്ര നേരത്തേ ആക്കിയതെന്നാണ് വിവരം. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനാണ് രജിനിയുടേതായി ചിത്രീകരണം പൂർത്തിയായിരിക്കുന്ന ചിത്രം.

രജിനിക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രജിനിയുടെ 170-ാമത് ചിത്രമായ വേട്ടയ്യൻ ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, റിതിക സിങ്, മഞ്ജു വാര്യർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻ്റെ സംഗീതസംവിധായകൻ. കേരളത്തിൽ തിരുവനന്തപുരം, തിരുനെൽവേലി, തൂത്തുക്കുടി തുടങ്ങി വിവിധയിടങ്ങളിലായിരുന്നു ചിത്രീകരണം. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാൽ സലാം ആയിരുന്നു താരത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!