കെ.എ. ഫ്രാന്‍സിസ്  മാധ്യമ പുരസ്‌കാരം
മുഹമ്മദ് സാബിത്തിന്


കോട്ടയം : കെ.എ. ഫ്രാന്‍സിന്റെ സ്മരണാര്‍ത്ഥം കോട്ടയം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിനു മാതൃഭൂമി ഓണ്‍ലൈനിലെ കണ്ടന്റ് റൈറ്റര്‍ യു.എം. മുഹമ്മദ് സാബിത് അര്‍ഹനായി. നോരമ ഓണ്‍ലൈനിലെ അരുണിമ ജയന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.

ദിനപത്രം, ടിവി എന്നിവയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ 2023ല്‍ പ്രസിദ്ധീകരിച്ച മികച്ച റിപ്പോര്‍ട്ടുകളാണ് പുരസ്‌കാരത്തിനു പരിഗണിച്ചത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം.

കൊവിഡ് കാലത്തിനുശേഷം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം, പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ അധികം കടന്നുവരാത്ത സോഷ്യല്‍ മീഡിയകളിലെ ലൈവ് സ്ട്രീമിങ്, ഓണ്‍ലൈന്‍ വഴിയുള്ള ലഹരിവില്പന, ലൈംഗിക ചൂഷണം, ഓണ്‍ലൈന്‍ ഗെയിമിങ്, ഓണ്‍ലൈന്‍ ചൂതാട്ടം തുടങ്ങിയവയേക്കുറിച്ചും കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍, ആത്മഹത്യ, കാണാതാകല്‍ തുടങ്ങിയവയെക്കുറിച്ചും മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പരയാണു മുഹമ്മദ് സാബിത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

അണ്ഡം ശീതീകരിച്ചു സൂക്ഷിച്ച് ഇഷ്ടമുള്ളപ്പോള്‍ ഗര്‍ഭധാരണം സാധിക്കുന്ന രീതി കേരളത്തിലും വ്യാപകമാകുന്നുവെന്നതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് അരുണിമ ജയനെ പ്രത്യേക പരാമരശത്തിന് അര്‍ഹയാക്കിയത്.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം മുന്‍ ഡയറക്ടര്‍ ഋഷി കെ.മനോജ്, ദീപിക കര്‍ഷകന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജിമ്മി ഫിലിപ്, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എ.കെ.രവീന്ദ്രന്‍ എന്നിവരടങ്ങിയ ജൂറിയാണു പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!