തിരുവനന്തപുരം: കേരള കാഷ്യു ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ഐഎൻടിയുസി നേതാവും മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷിനെതിരെയും വിചാരണാനുമതി അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ കടുത്ത ഇടപെടലിനും അന്ത്യശാസനത്തിനും പിന്നാലെയാണ് സർക്കാർ നിലപാട് മാറ്റിയത്.
സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലുള്ള കേസിൽ ആർ. ചന്ദ്രശേഖരന് എൽഡിഎഫ് സർക്കാർ മൂന്ന് തവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. ഇപ്പോൾ അനുമതി ലഭിച്ചതോടെ കേസിലെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. മനോജ് കടകംപള്ളി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് സർക്കാരിനെ നടപടിയിലേക്ക് നയിച്ച പ്രധാന കാരണം.
പ്രോസിക്യൂഷൻ അനുമതി വൈകിച്ചതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി. മുഹമ്മദ് ഹനീഷിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടിയും ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിട്ടുണ്ട്. കോടതി മൂന്ന് തവണ നിർദേശിച്ചിട്ടും അനുമതി നൽകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെയും കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അഴിമതി ആരോപണത്തിലുള്ളവരെ സർക്കാർ സംരക്ഷിക്കുകയാണോയെന്നും സർക്കാർ അഴിമതിക്കാർക്കൊപ്പമാണോ നിലകൊള്ളുന്നതെന്നുമുള്ള രൂക്ഷ വിമർശനങ്ങളും ഹൈക്കോടതി ഉയർത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയായ ആർ. ചന്ദ്രശേഖരനും മുൻ എംഡി കെ.എ. രതീഷിനുമെതിരായ വിചാരണാനുമതി തുടർച്ചയായി നിഷേധിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
മുമ്പ്, സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത് നടപടിക്രമങ്ങളിലെ വീഴ്ചകൾ മാത്രമാണെന്നും പ്രോസിക്യൂഷന് ആവശ്യമായ സാഹചര്യമില്ലെന്നുമായിരുന്നു പിണറായി വിജയൻ സർക്കാരിന്റെ നിലപാട്. ജെ. മേഴ്‌സിക്കുട്ടിയമ്മ വ്യവസായ മന്ത്രിയായിരിക്കെ അനുമതി നൽകാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് ഫയലിൽ മാറ്റംവന്ന് അനുമതി നിഷേധിക്കപ്പെട്ടു. 2020ൽ സർക്കാർ ആദ്യമായി അനുമതി നിഷേധിച്ചതിനെ തുടർന്ന് സിബിഐ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം പുനഃപരിശോധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായിരുന്നില്ല.
2006 മുതൽ 2015 വരെ കേരള കാഷ്യു ഡെവലപ്‌മെന്റ് കോർപ്പറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി നടത്തിയതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഗുണനിലവാരമില്ലാത്ത തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങുകയും കശുവണ്ടി പരിപ്പ് വിൽപ്പനയിലും വ്യാപക ക്രമക്കേടുകൾ നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തുടർച്ചയായി കോട്ടയം ആസ്ഥാനമായ ജെഎംജെ ട്രേഡേഴ്‌സിൽ നിന്നാണ് നിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതെന്നും വിലനിശ്ചയിച്ച രേഖകളിൽ എംഡി കെ.എ. രതീഷും ചെയർമാൻ ആർ. ചന്ദ്രശേഖരനും മാത്രമാണ് ആദ്യം ഒപ്പുവെച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് നടത്തിയ പരിശോധനയിൽ അതേ രേഖയിൽ ഡയറക്ടർ ബോർഡിലെ മറ്റ് അംഗങ്ങളുടെ ഒപ്പുകൾ കൂടി പിന്നീട് ചേർത്തതായി കണ്ടെത്തിയതും അന്വേഷണത്തിലെ നിർണായക തെളിവുകളിലൊന്നായി മാറി.
കശുവണ്ടി അഴിമതി കേസ്: ഐഎൻറ്റിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി…
