‘സൈന്യത്തെക്കുറിച്ച് മാത്രമല്ല’; ജനനായകന് കൂടുതല്‍ കുരുക്ക്, കോടതി വിധി പുറത്ത്…

ചെന്നൈ: വിജയ് ചിത്രം ജനനായകന് പ്രദര്‍ശാനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ സിനിമയ്‌ക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍. ‘ജന നായകന്‍’ എന്ന സിനിമയില്‍ വിദേശ ശക്തികള്‍ രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്നുള്‍പ്പെടെയുള്ള വിഷയങ്ങളാണ് കോടതി പരാമര്‍ശിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ രാജ്യത്തെ ‘സാമുദായിക ഐക്യത്തെ തകര്‍ക്കും’ എന്നും കോടതി ചൂണ്ടിക്കാട്ടുന്നു. 27 തിയ്യതി പുറപ്പെടുവിച്ച വിധിയിലാണ് ഇത്തരം പരാമര്‍ശങ്ങളുള്ളത്.

‘സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സമര്‍പ്പിച്ച റിട്ട് അപ്പീലില്‍ ഹാജരാക്കിയ രേഖകളില്‍ നിന്ന്, വിദേശ ശക്തികള്‍ ഇന്ത്യയില്‍ വലിയ തോതില്‍ മതപരമായ സംഘര്‍ഷം സൃഷ്ടിക്കുന്ന ചില ദൃശ്യങ്ങളും സംഭാഷണങ്ങളും സിനിമയില്‍ ഉള്ളതായി മനസിലാക്കുന്നു. ഇത് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കും. കൂടാതെ, ചിത്രത്തില്‍ സൈന്യവുമായി ബന്ധപ്പെട്ട നിരവധി പരാമര്‍ശങ്ങളുണ്ടെന്നും, എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു പ്രതിരോധ വിദഗ്ദ്ധനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും എന്നും ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുള്‍ മുരുകന്‍  എന്നിവരടങ്ങിയ ഫസ്റ്റ് ബെഞ്ച് ചൂണ്ടിക്കാട്ടുന്നു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ട സിംഗിംള്‍ ബെഞ്ച് ഉത്തരവിനു മുന്‍പ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് സാവകാശം നല്‍കിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. സെന്‍സര്‍ ബോര്‍ഡിന്റെ വാദം കൂടി കേട്ട ശേഷം കേസ് സിംഗിള്‍ ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സിബിഎഫ്സി പറഞ്ഞ മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും അകാരണമായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് സിനിമാ  നിര്‍മ്മാതാക്കളായ കെ വി എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!