മുണ്ടക്കയം: കോരുത്തോട് സ്വദേശി അജ്ഞാത വാഹനം ഇടിച്ചു മരിച്ച സംഭവത്തില്‍ അഞ്ച് മാസത്തിനു ശേഷം അറസ്റ്റ്. കഴിഞ്ഞ ഡിസംബര്‍ 15ന് കോരുത്തോട് സ്വദേശി തങ്കമ്മ (88) വാഹനം ഇടിച്ച് മരിച്ച സംഭവത്തിലാണ് ഹൈദരാബാദ് സ്വദേശി ദിനേശ് റെഡ്ഡി അറസ്റ്റിലാകുന്നത്.

നടന്നുപോകുമ്പോള്‍ തങ്കമ്മയെ വാഹനം ഇടിക്കുകയായിരുന്നു. ഡിസംബർ 15ന് രാവിലെ എട്ടിന് പനക്കച്ചിറ ആനക്കുളം കവലയുടെ സമീപമായിരുന്നു അപകടം. പനക്കച്ചിറയിലേക്ക് പോകുമ്പോള്‍ തെറ്റായ ദിശയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇടിച്ച വാഹനം ഏതെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ശബരിമല സീസണ്‍ ആയതിനാല്‍ ഒട്ടേറെ വാഹനങ്ങള്‍ ഒരേസമയം കടന്നു പോയിരുന്നു. അതിനാല്‍ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശബരിമല തീര്‍ത്ഥാടകരെത്തിയ വാഹനം എന്നത് മാത്രമായിരുന്നു പോലീസിന് ലഭിച്ച വിവരം.
ഇടുക്കി, കോട്ടയം ജില്ലകളിലെ നൂറോളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അതുവഴി കടന്നുപോയ വാഹനങ്ങളുടെ നമ്പരുകള്‍ ശേഖരിച്ചു. ഇടിച്ച സമയം കണക്കാക്കി ചില വാഹനങ്ങളുടെ നമ്പറുകള്‍ വച്ച് പട്ടിക തയ്യാറാക്കി. അപ്രകാരം നടത്തിയ അന്വേഷണ ത്തിലാണ് ഹൈദരാബാദ് സ്വദേശി ദിനേശ് റെഡ്ഡി മുണ്ടക്കയം പോലീസിന്റെ പിടിയിലാകുന്നത്.
വാടകയ്്‌ക്കെടുത്ത വാഹനത്തിലാണ് ഹൈദരാബാദ് സ്വദേശികള്‍ തീര്‍ത്ഥാടനത്തിനെത്തിയത്.
എസ്‌ഐ മനോജും സിപിഒ ജോസിയും ചേര്‍ന്ന് ഹൈദരാബാദില്‍ എത്തുകയും വാഹനം ഉടമയെ കണ്ടെത്തുകയും വാഹനം ഉടന്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
അഞ്ച് മാസത്തോളം തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണ് വാഹനത്തിന്റെ ഉടമയെ കണ്ടെത്താന്‍ സാധിച്ചത്.
