ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ മഹാക്ഷേത്രത്തില്‍ നടക്കുന്ന നാലാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന് ഇന്ന് തുടക്കമാകും.
തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം ക്ഷേത്രങ്ങളില്‍ ആചരിച്ചുവരുന്ന വൈശാഖമാസ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടത്തുന്ന മഹായജ്ഞമാണ് പാണ്ഡവീയ മഹാസത്രം. സത്രത്തില്‍ മഹാഭാരതത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് നൂറില്‍പ്പരം ആചാര്യന്മാരും സന്ന്യാസികളും പ്രഭാഷണം നടത്തും.
എല്ലാദിവസവും നാരായണീയ പാരായണം, പൃഥഗാത്മതപൂജ, പഞ്ചമഹാവിഷ്ണു പൂജ, കളഭാഭിഷേകം, പ്രഭാഷണങ്ങള്‍, ഭജന, നാമസങ്കീര്‍ത്തനം തുടങ്ങിയവയുണ്ടാകും. സത്രാചാര്യന്‍ അഡ്വ.ടി.ആര്‍. രാമനാഥന്‍ വടക്കന്‍ പറവൂരും ആചാര്യന്‍ പ്രൊഫ. ശബരീനാഥ് ദേവിപ്രിയയുമാണ്. സത്രത്തിനായി വിശാലമായ പന്തലാണ് തയാറാക്കിയിരിക്കുന്നത്.

11ന് രാവിലെ ഒന്‍പതിന് സമ്പൂര്‍ണ ഭഗവത്ഗീതാ പാരായണം, വൈകിട്ട് നാലിന് പഞ്ചപാണ്ഡവ സംഗമം, 4.30ന് സത്രശാലയില്‍ പ്രതിഷ്ഠിക്കാനുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹങ്ങളുമായി തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍, ആറന്മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നിവിടങ്ങളില്‍നിന്നുള്ള രഥഘോഷയാത്രകളും മുതുകുളം പാണ്ഡവര്‍ക്കാവില്‍നിന്ന് സത്രശാലയില്‍ ഉയര്‍ത്തുന്നതിനുള്ള കൊടിക്കൂറയും വഹിച്ചുള്ള ഘോഷയാത്രയും മഴുക്കീര്‍ തൃക്കയില്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സംഗമിക്കും.
അവിടെനിന്ന് തിരുവന്‍വണ്ടൂര്‍ മഹാക്ഷേത്രത്തിലേക്കു സ്വീകരിക്കും.
വൈകിട്ട് 6.30ന് ദീപപ്രോജ്വലനം ജസ്റ്റിസ് മുരളിപുരുഷോത്തമന്‍ നിര്‍വഹിക്കും.7ന് മാഹാത്മ്യം. 8ന് നൃത്തപരിപാടി തരംഗ്, 12ന് വൈകിട്ട് നാലിന് സത്രസമാരംഭ സഭ ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. സത്രസമിതി ചെയര്‍മാന്‍ ബി.രാധാകൃഷ്ണ മേനോന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അഡ്വ. കെ.അനന്ദഗോപന്‍, ജി.സുന്ദരേശന്‍, അഡ്വ.അജികുമാര്‍, ആര്‍.അജിത്ത് കുമാര്‍, പി.വി.സജന്‍, സജു ഇടക്കല്ലില്‍, ഒ.കെ.അനില്‍കു മാര്‍.എന്നിവര്‍ സംസാരിക്കും.
