കെയ്‌റോ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക് കടന്നു. ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസും സൗദിയും സംയുക്ത ആക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ ഇറാഖിൽ 20 പേർ കൊല്ലപ്പെട്ടതായാണ് വിവരം. തുടർന്ന് ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ യു.എസ്. ആക്രമിച്ചതോടെ മേഖലയിൽ സമ്പൂർണ യുദ്ധഭീതി വീണ്ടും ഉയർന്നു. ജോർദാനിലെ യു.എസ്. സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അമേരിക്ക ആക്രമണം പുനരാരംഭിച്ചത്.
ഇസ്‌ലാമിക് റെവലൂഷണറി ഗാർഡിന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ റഡാർ നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു. ഹോർമുസ് കടലിടുക്കിനോട് ചേർന്ന ഖെഷെം ദ്വീപിലുണ്ടായ ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
അതേസമയം, വ്യാഴാഴ്ചയും ജോർദാനിലേക്കെത്തിയ അഞ്ച് ഇറാനിയൻ മിസൈലുകൾ ജോർദാൻ സൈന്യം തകർത്തതായി അധികൃതർ അറിയിച്ചു. കുവൈത്തിന്റെ വടക്കൻ മേഖലയിലെ ഒരു ചൈനീസ് കമ്പനിയുടെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ജോർദാനിലെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ 17-ന് നിലവിൽവന്ന ഇടക്കാല വെടിനിർത്തൽ കരാറിന് ശേഷം സ്ഥിതി ശാന്തമായിരുന്നെങ്കിലും, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കമാണ് വീണ്ടും സംഘർഷം കത്തിച്ചതെന്നാണ് വിലയിരുത്തൽ.
ഹോർമുസ് മേഖലയിലെ കപ്പലാക്രമണങ്ങളെ തുടർന്ന് ആഴ്ചകളോളം ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്തിയിരുന്നു. പിന്നീട് അമേരിക്ക ആക്രമണങ്ങളിൽ അയവ് വരുത്തിയതോടെ ഗൾഫ് മേഖലയിലെ യു.എസ്. സഖ്യകക്ഷികളെ ലക്ഷ്യമിടുന്ന നടപടികളും നിർത്തുന്നതായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം വലിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഇതിനിടെ സമാധാനശ്രമങ്ങളുടെ ഭാഗമായി മധ്യസ്ഥ രാജ്യങ്ങൾ വെടിനിർത്തൽ ചർച്ചകൾ വീണ്ടും സജീവമാക്കിയിരുന്നു. സമാധാനത്തിനാണ് ഇടവേളയെന്ന് യു.എസ്. വ്യക്തമാക്കിയെങ്കിലും, അഞ്ചുമാസം നീണ്ട യുദ്ധം അമേരിക്കയുടെ ആയുധശേഖരത്തെ ബാധിച്ചതും ആക്രമണങ്ങളിൽ ഇടവേളയ്ക്ക് കാരണമായെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.
ഈജിപ്ത് തുറമുഖത്ത് ഡ്രോൺ ആക്രമണം
ഈജിപ്തിലെ ഡമിയേറ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന പ്രകൃതിവാതകം കയറ്റിയ യു.എസ്., ഗ്രീക്ക് കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ കപ്പലുകളിൽ തീപിടിത്തമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നിൽ ഇറാനോ ഇറാൻ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളോ ആകാമെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഈജിപ്തിലെ ലക്ഷ്യങ്ങൾക്ക് നേരെ ഇത്തരമൊരു ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
