ഡെങ്കിപ്പനി പടരാന്‍ സാധ്യതയെന്ന് ഡിഎംഒ; ജാഗ്രത പാലിക്കണം

കോട്ടയം: വേനല്‍ മഴ ആരംഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി പടരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ മാസം കോട്ടയം നഗരസഭാപരിധിയില്‍ മൂന്നുപേര്‍ക്കും, പനച്ചിക്കാട്,ചിറക്കടവ്, മുണ്ടക്കയം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ രണ്ടുപേര്‍ക്കു വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉദയനാപുരം, അയര്‍ക്കുന്നം, കൂരോപ്പട, മീനടം, ചങ്ങനാശ്ശേരി, കങ്ങഴ, എരുമേലി എന്നിവിടങ്ങളിലും ഒരാള്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ കഴിഞ്ഞ ഒരുമാസം ഡെങ്കിപ്പനി സംശയത്തോടെ ഇതുവരെ 85 പേര്‍ ചികിത്സ തേടി. കോട്ടയം നഗരസഭ (21), ഉദയനാപുരം (13), കാഞ്ഞിരപ്പള്ളി (10), ചങ്ങനാശ്ശേരി (8) എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍കരുതല്‍

ഈഡിസ് കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. കൊതുക് വളരാതിരിക്കാന്‍ വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത് പ്രധാനമായും ചെറുപാത്രങ്ങളിലാണ്. ചിരട്ടകള്‍, പാത്രങ്ങള്‍, വീടിന്റെ സണ്‍ ഷേഡുകള്‍, ഫ്രിജിനു പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ആഴ്ചതോറും നീക്കംചെയ്യുക. ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. അതുകൊണ്ട് ജലസംഭരണികള്‍ കൊതുക് കടക്കാത്തരീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂര്‍ണമായി മൂടിവെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍

വൈറല്‍പനിയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ് ഡെങ്കിപ്പനിക്കും. തീവ്രമായ പനി, ഛര്‍ദി, വിളര്‍ച്ച, അമിതമായ ക്ഷീണം, തലകറക്കം എന്നിവയെല്ലാം ഉണ്ടാകും. കൂടാതെ കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളും വേദന തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്.

രോഗം വന്നാല്‍

രോഗലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുക.  വിശ്രമമാണ് പ്രധാന ചികിത്സ. അതുപോലെ വെള്ളം, മറ്റു പാനീയങ്ങള്‍ എന്നിവ കുടിക്കുന്നതും പ്രധാനമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായമാകും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് നില പരിശോധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!