കോട്ടയം : എംസി റോഡില്‍ നാട്ടകത്ത് മറിയപ്പള്ളിയില്‍ നിയന്ത്രണം നഷ്ടമായ അന്തർസംസ്ഥാന ബസ് വഴിയാത്രക്കാരിയായ വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങി.
നാട്ടകം മുന്‍സിപ്പല്‍ മേഖലാ കാര്യാലയത്തിനു സമീപം ഇന്ദ്രപ്രസ്ഥം വീട്ടില്‍ വിജയകുമാറിന്റെ ഭാര്യ രാധ (67) യുടെ കാലിലൂടെയാണ് ബസ്സിന്റെ ചക്രം കയറിയിറങ്ങിയത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 8.30ഓടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് നടന്നു പോകുകയായിരുന്നു വീട്ടമ്മ.
ഈ സമയം ചിങ്ങവനം ഭാഗത്തു നിന്നും വന്ന അന്തര്‍സംസ്ഥാന ബസ് എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറിനെ ഇടിയ്ക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കൂത്താട്ടുകുളത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ കാറില്‍ ഇടിക്കാതിരിക്കുവാന്‍ ബസ് വെട്ടിച്ചു മാറ്റിയെങ്കിലും കാറില്‍ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായ ബസ് വഴിയരികില്‍ നിന്നിരുന്ന വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
കാലിന് ഗുരുതരമായി പരിക്കേറ്റ ഇവര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തെതുടര്‍ന്ന് എംസി റോഡില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
