കോട്ടയം: സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തെയും സംഭാവനകളെയും മറച്ചുവെക്കാനുള്ള ബോധപൂര്‍വായ ശ്രമം നടക്കുന്നതായി കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ്.
ഇടമറുക് സര്‍ക്കാര്‍ ആശുപത്രിയുടെ രണ്ട് കോടി ഇരുപത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടന വേദിയിലാണ് ഷോണ്‍ ജോര്‍ജ് ആരോപണം ഉന്നയിച്ചത്.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പുതിയ ഒപി ബ്ലോക്കില്‍ ഒന്നരക്കോടി രൂപയിലധികവും കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി ലഭിച്ച പണമാണ്. ഉദ്ഘാടന വേളയിലോ ഉദ്ഘാടന നോട്ടീസിലോ എവിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ പേര് പോലും പരാമര്‍ശിക്കാത്തതും ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ചിത്രം പോലും ഉള്‍കൊള്ളിക്കാത്തതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് ടെണ്ടര്‍ നടത്തിയിട്ടുള്ള ജലജീവന്‍ മിഷന്റെ ഒരു പഞ്ചായത്ത് തല പരിപാടിയിലും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ സംബന്ധിച്ച് പരാമര്‍ശിക്കാത്തതും അങ്ങേയറ്റം മോശകരമായ കാര്യമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു..
