ടെൽ അവീവ് : ഇസ്രയേലിന്റെ വടക്കൻ മേഖലയിൽ ഹിസ്ബൊള്ള നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ ആണ് മരിച്ചത്. പരിക്കേറ്റ രണ്ട് മലയാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇസ്രയേലിലെ കാർഷിക കേന്ദ്രത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. മാർഗയിലോട്ടിലെ തോട്ടത്തിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച്ച ഇസ്രയേൽ സമയം പതിനൊന്നോടെയായിരുന്നു ആക്രമണം. ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർക്കാണ് പരിക്കേറ്റത്.മുഖത്തും ശരീരത്തും ഗുരുതര പരിക്കേറ്റ ബുഷ് ജോസഫ് അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോൾ മെൽവിന് സാരമായ പരിക്കേറ്റിട്ടില്ല. ഇടുക്കി സ്വദേശിയാണ് മെൽവിൻ. എല്ലാവരും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്.
ഒക്ടോബർ എട്ടിന് നടന്ന ഹമാസ് ഭീകരാക്രമണത്തിന് പിന്തുണയുമായി വടക്കൻ ഇസ്രയേലിൽ ഹിസ്ബൊള്ള നിരന്തരമായി ആക്രമണങ്ങൾ നടത്തുകയാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കുന്നു.
2021l ഗാസയിൽ നിന്നുള്ള ഹമാസ് ആക്രമണത്തിൽ മലയാളിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടിരുന്നു.