ഇന്ത്യക്ക് കൈമാറരുത് എന്നെ പീഡിപ്പിക്കും നടപടി സ്റ്റേചെയ്യണം; തഹാവൂര്‍ റാണയുടെ അപേക്ഷ തള്ളി യുഎസ് കോടതി

ന്യൂയോര്‍ക്ക് : ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയുടെ ഹർജി തള്ളി യുഎസ് സുപ്രിംകോടതി.

റാണയെ ഇന്ത്യയ്‌ക്കു കൈമാറാൻ യുഎസ് കോടതി നേരത്തേ ഉത്തരവിട്ട പശ്ചാത്തലത്തില്‍ രക്ഷപ്പെടാനുള്ള അവസാന വഴിയായിരുന്നു ഈ അപേക്ഷ.

ഇതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്ബടി പ്രകാരം റാണയെ കൈമാറുമെന്ന കാര്യം ഉറപ്പായി. റാണയെ കൈമാറണം എന്നത് കുറേക്കാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ്. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് യുഎസിലെ ജയിലില്‍ കഴിയുകയാണ് റാണ. പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ.

പാക്ക് വംശജനും മുൻ സൈനികനുമായതിനാല്‍ ഇന്ത്യയില്‍ താൻ പീഡിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. നേരത്തെ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള തീരുമാനം യുഎസ് സുപ്രീംകോടതി ശരിവെച്ചിരുന്നു. 63 കാരനായ തഹാവൂർ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ ഒരു ജയിലിലാണ്. 175 പേരുടെ ജീവനെടുത്ത 26/11 മുംബൈ ഭീകരാക്രമണത്തില്‍ തഹാവൂർ റാണയ്‌ക്കുള്ള പങ്കിന്റെ തെളിവുകള്‍ ഇന്ത്യയിലെ അന്വേഷണ ഏജൻസികള്‍ക്ക് ലഭിക്കുകയും ചെയ്തതാണ്.

നിലവില്‍ അമേരിക്കൻ സുപ്രീംകോടതിക്ക് റാണ നല്‍കിയ ഹർജിയില്‍ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി കാര്യങ്ങളാണ് റാണ ചൂണ്ടിക്കാട്ടുന്നത്.കാർഡിയാക് അന്യൂറിസം, പാർക്കിൻസണ്‍സ് രോഗം, ബുദ്ധിശക്തി കുറയാനുള്ള സാധ്യത, മൂത്രാശയ കാൻസർ തുടങ്ങിയ നിരവധി രോഗങ്ങള്‍ ഉണ്ടെന്നും റാണയുടെ അഭിഭാഷകൻ പരാമർശിച്ചു. ഇന്ത്യയിലെ വിചാരണക്കാലയളവ് പൂർത്തിയാക്കാൻ ഒരുപക്ഷെ റാണയ്‌ക്ക് കഴിഞ്ഞേക്കില്ലെന്നും അത്രയും നാള്‍ ജീവിച്ചിരിക്കാൻ പോലും സാധ്യതയില്ലെന്നും ഹർജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!