കോട്ടയം : എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം. ജോസ് കെ മാണി നേതൃത്വം നൽകുന്ന എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ കല്ലറയിൽ വച്ചെന്ന് കോട്ടയം ഡിസിസി.
ഇതിന് പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പ്രതികരിച്ചു.
ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും, സിപിഎം ലോക്കൽ കമ്മിറ്റിയും പൊലീസിൽ പരാതി നൽകി.
വിശുദ്ധിയോടെ മാത്രം കാണുന്ന ഇടമാണ് മരണപ്പെട്ടവരെ അടക്കം ചെയ്തിരിക്കുന്ന കല്ലറ. പുതുപ്പള്ളി പള്ളിയിൽ നിരവധി പുരോഹിത ശ്രേഷ്ഠൻമാരുടെ ഖബറിടത്തിനു സമീപമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഖബറിടവും സ്ഥിതി ചെയ്യുന്നത്.
ക്രൈസ്തവ വിശ്വാസങ്ങളെയും, മൂല്യങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തിയെ തള്ളിപ്പറയുവാൻ മധ്യമേഖല ജാഥയുടെ ക്യാപ്റ്റൻ ജോസ് കെ മാണിയും എൽഡിഎഫ് നേതൃത്വവും തയ്യാറാകണമെന്നും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.
