ന്യൂഡല്‍ഹി : വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താനും ആപ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ നശിപ്പിക്കാനും ഹാക്കര്‍മാര്‍ക്ക് അവസരമൊരുക്കുന്ന സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
വാട്സ്ആപ്പിലെ അഞ്ച് സുരക്ഷാ വീഴ്ചകളെക്കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍) രംഗത്തെത്തി. വ്യാഴാഴ്ചയാണ് ഏജന്‍സി ഇതുസംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കിയത്.
ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക്, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളിലെ വാട്സ്ആപ്പ് പതിപ്പുകളെയാണ് സുരക്ഷാ വീഴ്ചകള്‍ ബാധിക്കുന്നത്. വാട്സ്ആപ്പ്, വാട്സ്ആപ്പ് ബിസിനസ് എന്നിവ ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് ബാധകമാണ്. പ്രത്യേകം തയ്യാറാക്കിയ സന്ദേശങ്ങള്‍, അറ്റാച്ച്മെന്റുകള്‍, വെബ് ലിങ്കുകള്‍ എന്നിവയിലൂടെ ഈ സുരക്ഷാ പിഴവുകള്‍ മുതലെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നാണ് മുന്നറിയിപ്പ്.
അഞ്ച് വ്യത്യസ്ത സുരക്ഷാ വീഴ്ചകളാണ് സെര്‍ട്ട്-ഇന്‍ കണ്ടെത്തിയത്. ഇവയില്‍ ചിലത് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും മറ്റുചിലത് ഫോണിലെയും ആപ്പിലെയും വിവരങ്ങളില്‍ അനധികൃതമായി മാറ്റം വരുത്താനും സഹായിച്ചേക്കാം.
1. സന്ദേശം തുറന്നാല്‍ ഫയലുകള്‍ നഷ്ടപ്പെടാം
CVE-2026-102769 എന്ന പേരില്‍ തിരിച്ചറിഞ്ഞ സുരക്ഷാ പിഴവ് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെയാണ് ബാധിക്കുന്നത്. പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ‘ഓര്‍ഡര്‍ ഡീറ്റെയില്‍സ്’ സന്ദേശം തുറക്കുന്നതിലൂടെ വാട്സ്ആപ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ നീക്കം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. SQL Injection എന്ന സാങ്കേതിക തകരാറാണ് ഇതിന് കാരണമാകുന്നത്. ആപ്പ് ക്രാഷ് ചെയ്യുന്നതിനെ തുടര്‍ന്ന് സന്ദേശം ലഭിച്ചതായുള്ള അറിയിപ്പുകളുടെ സമയക്രമം പരിശോധിച്ച് ചാറ്റ് ഡാറ്റാബേസുമായി ബന്ധപ്പെട്ട പരിമിതമായ വിവരങ്ങള്‍ പോലും ആക്രമണകാരി കള്‍ക്ക് ലഭിച്ചേക്കാം.
എന്നാല്‍, ഈ സുരക്ഷാ വീഴ്ച ഹാക്കര്‍മാര്‍ വ്യാപകമായി ദുരുപയോഗം ചെയ്തതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്.
*2. മെറ്റ എഐയുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച*CVE-2026-44908 എന്ന സുരക്ഷാ പിഴവ് മെറ്റ എഐയുടെ കംപ്യൂട്ടിങ് സംവിധാനവുമായി ബന്ധപ്പെട്ടതാണ്. മെറ്റ എഐയുടെ സെര്‍വറുകളുമായുള്ള വിശ്വാസ്യത ഉറപ്പാക്കാന്‍ ഉപയോഗിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയിലെ അപാകതയാണ് പ്രശ്നത്തിന് കാരണം. മെറ്റയുടെ ഇന്റേണല്‍ സംവിധാനങ്ങളിലേക്ക് പ്രവേശനമുള്ള ഒരാള്‍ക്ക് ഈ പിഴവ് മുതലെടുത്ത് ഹാര്ഡ്വെയര് സുരക്ഷാ പരിശോധന മറികടക്കാന്‍ സാധിച്ചേക്കാം. എന്നാല്‍, ഈ വീഴ്ച ഉപയോഗിച്ച് ആക്രമണം നടന്നതായി തെളിവുകളില്ലെന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കിയത്.
*3. ലിങ്കുകളിലൂടെ ഐപി വിലാസം ചോരാം
CVE-2026-23871 എന്ന സുരക്ഷാ വീഴ്ച ആന്‍ഡ്രോയിഡിലെ വാട്സ്ആപ്പിനെയും വാട്സ്ആപ്പ് ബിസിനസിനെയും ബാധിക്കുന്നു. വാട്സ്ആപ്പിലേക്ക് നേരിട്ട് സന്ദേശമയയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട ലിങ്കുകളിലാണ് പ്രശ്നം.
പ്രത്യേകം തയ്യാറാക്കിയ പരസ്യ മറുപടി സന്ദേശങ്ങളിലൂടെ ഉപയോക്താവിന്റെ ഫോണിലേക്ക് ഹാക്കര്‍മാര്‍ നിയന്ത്രിക്കുന്ന വെബ് വിലാസത്തില്‍നിന്ന് മീഡിയ ഫയലുകള്‍ ലോഡ് ചെയ്യിക്കാനാകും. ഇതിലൂടെ ഉപയോക്താവിന്റെ ഐപി വിലാസം പുറത്താകാന്‍ സാധ്യതയുണ്ട്. ചില സ്പാം സന്ദേശങ്ങള്‍ക്കൊപ്പം ഈ സുരക്ഷാ വീഴ്ച ദുരുപയോഗം ചെയ്തിരിക്കാമെന്ന് വാട്സ്ആപ്പ് സൂചിപ്പിച്ചിട്ടുണ്ട്.
*4. എഐ റെസ്പോണ്‍സ് വഴി
CVE-2026-23866 എന്ന സുരക്ഷാ പിഴവ് നേരത്തെ മെയ് മാസത്തില്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സുമായി ബന്ധപ്പെട്ട് പ്രത്യേക രീതിയില്‍ തയ്യാറാക്കിയ എഐ റെസ്പോണ്‍സ് വഴി ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ഹാക്കര്‍മാര്‍ നിയന്ത്രിക്കുന്ന വെബ് വിലാസങ്ങളില്നിന്നുള്ള ഉള്ളടക്കം പ്രോസസ് ചെയ്യാന്‍ കഴിയും. ഇത് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാം.
5. വിന്‍ഡോസ് ഉപയോക്താക്കളെയും ബാധിക്കാം
CVE-2026-23863 എന്ന അഞ്ചാമത്തെ സുരക്ഷാ വീഴ്ച വിന്‍ഡോസ് പതിപ്പിനെയാണ് ബാധിക്കുന്നത്. ഒരു ഫയലിനെ മറ്റൊരു ഫയല്‍ തരമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന്, ഒരു ഡോക്യുമെന്റായി തോന്നിക്കുന്ന അറ്റാച്ച്മെന്റ് തുറക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അത് ഒരു എക്സിക്യൂട്ടബിള്‍ ഫയലായി പ്രവര്‍ത്തിച്ചേക്കാം. ഇതിലൂടെ ഉപയോക്താവിന്റെ കമ്പ്യൂട്ടറില്‍ അപകടകരമായ കോഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യതയുണ്ട്.
ഈ രണ്ട് സുരക്ഷാ വീഴ്ചകളും ദുരുപയോഗം ചെയ്തതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. ഏജന്‍സിയുടെ മുന്നറിയിപ്പ് പ്രകാരം പഴയ പതിപ്പുകളിലാണ് സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
*വാട്സ്ആപ്പ് ആന്‍ഡ്രോയിഡ്: 2.26.35.74, 2.26.17.4 എന്നീ പതിപ്പുകള്‍ക്ക് മുമ്പുള്ള പതിപ്പുകള്‍.
വാട്സ്ആപ്പ് ബിസിനസ് ആന്‍ഡ്രോയിഡ്: 2.26.23.70, 2.26.17.4 എന്നീ പതിപ്പുകള്‍ക്ക് മുമ്പുള്ള പതിപ്പുകള്‍.
വാട്സ്ആപ്പ് ഐഒഎസ്: 2.26.24.72, 2.26.15.72 എന്നീ പതിപ്പുകള്‍ക്ക് മുമ്പുള്ള പതിപ്പുകള്‍.
വാട്സ്ആപ്പ് ബിസിനസ് ഐഒഎസ്: 2.26.23.72-ന് മുമ്പുള്ള പതിപ്പുകള്‍.
വാട്സ്ആപ്പ് മാക് ഡെസ്ക്ടോപ്പ്: 2.26.23.72-ന് മുമ്പുള്ള പതിപ്പുകള്‍.
വാട്സ്ആപ്പ് വിന്‍ഡോസ്: 2.3000.1032164386.258709-ന് മുമ്പുള്ള പതിപ്പുകള്‍.
എങ്ങനെ സുരക്ഷിതരാകാം?
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റ് ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സെര്‍ട്ട്-ഇന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെ ലഭ്യമായ അപ്ഡേറ്റുകള് പരിശോധിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം. കംപ്യൂട്ടറില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഔദ്യോഗിക അപ്ഡേറ്റ് സംവിധാനത്തിലൂടെ പുതിയ പതിപ്പിലേക്ക് മാറണം. അപരിചിതരില്‍നിന്ന് ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളും അറ്റാച്ച്മെന്റുകളും തുറക്കാതിരിക്കാനും ശ്രദ്ധിക്കണം. വിശ്വാസമില്ലാത്ത സന്ദേശങ്ങളിലെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കണം.
അതേസമയം, വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ബ്രൗസറിലെ ടാബ് അടയ്ക്കുന്നത് അക്കൗണ്ടില്‍നിന്ന് ലോഗ് ഔട്ട് ചെയ്യുന്നതിന് തുല്യമല്ല. പൊതുവായതോ മറ്റുള്ളവര്‍ പങ്കിടുന്നതോ ആയ കമ്പ്യൂട്ടറുകളില്‍ വാട്സ്ആപ്പ് ഉപയോഗിച്ചാല്‍ ലോഗ് ഔട്ട് ചെയ്യുന്നത് ഉറപ്പാക്കണം. അല്ലാത്തപക്ഷം മറ്റുള്ളവര്‍ നിങ്ങളുടെ ചാറ്റുകള്‍ പരിശോധിക്കാനും അക്കൗണ്ട് ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്.
