ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്ര വിജയവുമായി ഇന്ത്യ ഫൈനലില്‍. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ച് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. സെമി ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകള്‍ 49.5 ഓവറില്‍ 338 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വനിതകള്‍ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്സിന്റെയും 89 റണ്‍സെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യൻ വിജയത്തിന് കാരണായത്.
ഫീബി ലിച്ച്‌ഫീല്‍ഡിന്റെ സെഞ്ച്വറിയുടെയും എല്ലിസ് പെറിയുടെയും ആഷ്ലി ഗാർഡനറുടെയും അർദ്ധ സെഞ്ച്വറിയുടെയും മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലേക്കെത്തി യത്. 93 പന്തുകള്‍ നേരിട്ട് 17 ഫോറുകളുടെ യും മൂന്ന് സിക്സറുകളുടെയും അകമ്പ ടിയോടെ 119 റണ്‍സാണ് ലിച്ച്‌ഫീല്‍ഡ് നേടിയത്. 22കാരിയായ ലിച്ച്‌ഫീല്‍ഡിന്റെ മൂന്നാം ഏകദിന സെഞ്ച്വറിയാണിത്.
വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേട്ടമാണ് ലിച്ച്‌ഫീല്‍ഡ് സ്വന്തമാക്കിയത്. 77 പന്തുകളില്‍ താരം സെഞ്ച്വറി നേട്ടം പൂർത്തിയാക്കി. 88 പന്തില്‍ ആറ് ഫോറും രണ്ട് സിക്സറും സഹിതമാണ് എല്ലീസ് പെറി 77 റണ്‍സെടുത്തത്. ലിച്ച്‌ഫീല്‍ഡും പെറിയും ചേർന്ന രണ്ടാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടിച്ചേർത്തു.
45 പന്തില്‍ നാല് ഫോറും നാല് സിക്സറും സഹിതം 63 റണ്‍സെടുത്ത ആഷ്ലി ഗാർഡനറുടെ വെടിക്കെട്ടും ഓസീസ് സ്കോറിങ്ങില്‍ നിർണായകമായി. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ വീണത് ഓസീസിന് തിരിച്ചടിയായി. ഇന്ത്യൻ വനിതകളില്‍ ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
ചാമ്പ്യന്മാരെ അട്ടിമറിച്ച് വനിത ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ; ജെമിമ റോഡ്രിഗസിന് സെഞ്ച്വറി
