സ്‌കൂളിൽ വെടിയുതിർക്കൽ; വിദ്യാർഥിയെ ജുവനൈൽ ഹോമിലാക്കി

കോഴിക്കോട് : പട്ടാമ്പി പള്ളിപ്പുറം പരുതൂർ എച്ച്‌എസ്‌എസിൽ സഹപാഠിക്ക് വെടിയേറ്റ സംഭവത്തിൽ തോക്ക് സ്കൂളിലെത്തിച്ച ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി.

ഡിസംബർ അഞ്ചു വരെ നിരീക്ഷണത്തിൽ കഴിയാനാണ് മജിസ്‌ട്രേറ്റ് ഉത്തരവ്. തൃത്താല പൊലീസ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് തുടർനടപടി സ്വീകരിച്ചത്. വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാതാവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

സഹപാഠിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇത് തൃത്താല പൊലീസ് ശേഖരിച്ച് കോടതിയിൽ ഹാജരാക്കിയ ശേഷം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

വെടിയേറ്റ വിദ്യാർഥി ഒരു ദിവസം കൂടി സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ബുധനാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

11 തിരകൾ നിറയ്ക്കാവുന്ന പോയിന്റ് 22 റിവോൾവറാണ് വിദ്യാർഥി സ്കൂളിൽ കൊണ്ടു വന്നത്. തോക്കിലുണ്ടായിരുന്ന അഞ്ച് തിരകളിൽ രണ്ടെണ്ണമാണ് പൊട്ടിയത്. ഇതിൽ ഒന്ന് സ്കൂളിലെ ചുവരിലും മറ്റൊന്ന് സഹപാഠിയുടെ തോളിനു താഴെയുമാണ് പതിച്ചത്.

ചൊവ്വ പകൽ 11.15ന് സ്കൂൾ ഇടവേളയ്ക്കിടെ സഹപാഠികൾക്ക് തോക്ക് കാണിച്ചു കൊടുക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയതെന്നാണ് പൊലീസിന്റെ നിഗമനം. തൃത്താല എസ്‌ഐ എം എസ് സത്യജിത്തിനാണ് അന്വേഷണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!