ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ കപ്പൽ എത്തിയത് കൊച്ചിയിൽ; ചരിത്രനിമിഷത്തിന് 53 വയസ്സ്…

കൊച്ചി: ഇന്ത്യൻ സമുദ്രചരിത്രത്തിൽ നിർണായകമായൊരു അധ്യായത്തിന് കൊച്ചിൻ തുറമുഖം സാക്ഷിയായിട്ട് 53 വർഷം. ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ കപ്പൽ കൊച്ചിയിലെത്തിയതിന്റെ വാർഷിക മായിരുന്നു ഇന്നലെ (നവംബർ 27). അമേരിക്കൻ പ്രസിഡന്റ് ലൈൻസ് (എപിഎൽ) കമ്പനിയുടെ എംവി പ്രസിഡന്റ് ടൈലറാണ് ഇന്ത്യൻ തുറമുഖത്തെത്തിയ ആദ്യ കണ്ടെയ്നർ കപ്പൽ. മുംബൈ, ചെന്നൈ തുറമുഖങ്ങളിൽ ഇത്തരം കപ്പലുകൾ എത്തുന്നതിനും വർഷങ്ങൾക്കു മുൻപായിരുന്നു ഈ ചരിത്രസംഭവം.

എന്താണ് കണ്ടെയ്നർ ഷിപ്പിങ്?

ഏകീകൃത അളവുകളിലുള്ള സ്റ്റീൽ പെട്ടികളായ കണ്ടെയ്നറുകൾ ഉപയോഗിച്ച് സമുദ്രമാർഗം ചരക്കുകൾ കൊണ്ടുപോകുന്ന രീതിയാണ് കണ്ടെയ്നർ ഷിപ്പിങ്. സാധാരണയായി 20 അടി, 40 അടി നീളമുള്ള കണ്ടെയ്നറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അടച്ചുറപ്പുള്ള പെട്ടികളിൽ ചരക്കുകൾ സൂക്ഷിക്കുന്നതിനാൽ കപ്പലിൽനിന്ന് നേരിട്ട് ട്രക്കുകളിലേക്കോ ട്രെയിനുകളിലേക്കോ മാറ്റാൻ കഴിയും.

ചരക്കുകൾ ഓരോന്നായി കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാകുന്നതിലൂടെ സമയവും അധ്വാനവും ലാഭിക്കാം. കൃത്യമായ സമയക്രമം പാലിച്ചുള്ള സർവീസുകളാണ് കണ്ടെയ്നർ കപ്പൽ ഗതാഗതത്തിന്റെ മറ്റൊരു പ്രത്യേകത.

കൊച്ചിയിൽനിന്ന് രാജ്യാന്തര കപ്പൽ ഗതാഗതത്തിലേക്ക്

ആദ്യകാലത്ത് എറണാകുളം വാർഫിലെ താൽക്കാലിക കാർഗോ ബെർത്തിലായിരുന്നു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. അക്കാലത്ത് അമേരിക്കൻ പ്രസിഡന്റ് ലൈൻസ് കൊളംബോ, കൊച്ചി, മുംബൈ, കറാച്ചി തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഫീഡർ കണ്ടെയ്നർ സർവീസ് നടത്തിയിരുന്നു. ഇതിലൂടെ ഇന്ത്യൻ തുറമുഖങ്ങൾക്ക് രാജ്യാന്തര കപ്പൽ ഗതാഗതവുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനായി.

1979ൽ കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതോടെ ചരക്കുകൾ കണ്ടെയ്നറുകളിൽ അടുക്കുന്നതിനും അവയിൽനിന്ന് പുറത്തെടുക്കുന്നതിനു മുള്ള സൗകര്യങ്ങൾ വികസിച്ചു. തുടർന്ന് 1994–95 കാലഘട്ടത്തിൽ രാജീവ് ഗാന്ധി കണ്ടെയ്നർ ടെർമിനലിനും തുടക്കമായി.

വല്ലാർപാടത്ത് രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ

കൊച്ചിൻ തുറമുഖത്തിന്റെ വളർച്ചയിലെ മറ്റൊരു പ്രധാന നാഴികക്കല്ലായിരുന്നു 2011ൽ വല്ലാർപാടത്ത് രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ പ്രവർത്തനം ആരംഭിച്ചത്. രാജ്യാന്തര കപ്പൽ ഗതാഗതത്തിൽ കൊച്ചിയുടെ പ്രാധാന്യം വർധിപ്പിക്കുന്നതിൽ ഈ ടെർമിനൽ നിർണായക പങ്കുവഹിച്ചു.

അഞ്ചു പതിറ്റാണ്ടിലേറെ മുൻപ് എംവി പ്രസിഡന്റ് ടൈലറിന്റെ വരവോടെ ആരംഭിച്ച കണ്ടെയ്നർ കപ്പൽ ഗതാഗതത്തിന്റെ ചരിത്രം ഇന്ന് ഇന്ത്യൻ തുറമുഖങ്ങളുടെ വളർച്ചയുടെയും ആഗോള വ്യാപാരബന്ധങ്ങളുടെയും ഭാഗമാണ്. രാജ്യത്തെ കണ്ടെയ്നർ ഗതാഗതത്തിന് തുടക്കമിട്ട ചരിത്ര നിമിഷത്തിന്റെ ഓർമ പുതുക്കുകയാണ് കൊച്ചിൻ തുറമുഖം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!