ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?… കിൻഫ്ര ഭൂമി വിഷയത്തിൽ മുഖ്യമന്ത്രിയെ…

തിരുവനന്തപുരം: കിൻഫ്ര ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി.

അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച അതേ ഭൂമി ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിച്ചുവെന്നാണ് ബ്രിട്ടാസിന്റെ വിമർശനം. ഈ വൈരുധ്യത്തിൽ ഏത് നിലപാടാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ഭവ്യ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ രണ്ട് ഭൂമികളുടെ നിർദേശമാണ് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. ഇതിൽ കിൻഫ്ര ഏറ്റെടുത്ത ഭൂമിയും ഉൾപ്പെടുന്നു. വ്യവസായ പാർക്കുകൾക്ക് അനുയോജ്യമാണെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ച് അംഗീകരിച്ച ശേഷമാണ് ഭൂമി പദ്ധതിക്കായി നിർദേശിച്ചതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

2026 ജൂലൈ 28ന് ചേർന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മട്ടന്നൂരിലെ രണ്ട് ഭൂമികൾ ഭവ്യ പദ്ധതിക്കായി സമർപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 28ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതേ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നാലെ ഒക്ടോബർ 30ന് ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന് നിർദേശം സമർപ്പിച്ചുവെന്നാണ് ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നത്.

ഇത് വ്യവസായ വകുപ്പിന്റെ മാത്രം തീരുമാനമായിരുന്നില്ലെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വിശദമായി പരിശോധിച്ച ശേഷമാണ് ഭൂമിക്ക് അംഗീകാരം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം എംപിമാരുടെ യോഗത്തിൽ ചർച്ചയ്ക്ക് എടുത്തില്ലെന്നതും ശ്രദ്ധേയമാണെന്ന് ബ്രിട്ടാസ് പറഞ്ഞു.

ഓൺലൈനായി ചേർന്ന യോഗത്തിൽ കേന്ദ്രസർക്കാരിൽനിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പരാതിപ്പെട്ടിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണത്തിലൂടെ കേന്ദ്രസഹായം ലഭിക്കാനുള്ള സാധ്യത കൂടി സർക്കാർ ഇല്ലാതാക്കുകയാണെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!