തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാരീതിയിൽ നിർണായക മാറ്റവുമായി മോട്ടോർ വാഹന വകുപ്പ്. നിലവിലുള്ള ലേണേഴ്‌സ് ടെസ്റ്റ്, ഗ്രൗണ്ട്–റോഡ് ടെസ്റ്റ് എന്നിവയ്ക്കു പുറമേ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി നിർബന്ധമാക്കും. ഡിസംബർ ഒന്നു മുതൽ പുതിയ പരീക്ഷാരീതി പ്രാബല്യത്തിൽ വരും.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. റോഡിലെ അപകടസാധ്യതകളും അപ്രതീക്ഷിത തടസ്സങ്ങളും മുൻകൂട്ടി തിരിച്ചറിയാനും അതിനനുസരിച്ച് വാഹനം നിയന്ത്രിക്കാനുമുള്ള ഡ്രൈവർമാരുടെ കഴിവ് പരിശോധിക്കുകയാണ് പുതിയ പരീക്ഷയുടെ ലക്ഷ്യം.
ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ച് 30 ദിവസം പൂർത്തിയായ ശേഷമാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിൽ പങ്കെടുക്കാനാകുക. കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന പരീക്ഷയിൽ ഒരു മിനിറ്റ് വീതം ദൈർഘ്യമുള്ള പത്ത് വീഡിയോ ക്ലിപ്പുകളുണ്ടാകും. വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് മൗസ് ക്ലിക്ക് ചെയ്യണം. പ്രതികരിക്കാൻ വൈകിയാൽ മാർക്ക് കുറയും.
ആകെ 100 മാർക്കിൽ കുറഞ്ഞത് 60 മാർക്ക് നേടിയാൽ മാത്രമേ പരീക്ഷയിൽ വിജയിക്കാനാകൂ. പുതിയ പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ തുടർന്നുള്ള ഗ്രൗണ്ട് ടെസ്റ്റിലും റോഡ് ടെസ്റ്റിലും പങ്കെടുക്കാൻ അനുമതി ലഭിക്കുകയുള്ളൂ. ഇതിനാവശ്യമായ പരിശീലന സൗകര്യങ്ങൾ ഡ്രൈവിങ് സ്‌കൂളുകളിൽ ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഡ്രൈവർമാരുടെ അശ്രദ്ധയും അപകടസാധ്യതകൾ യഥാസമയം തിരിച്ചറിയുന്നതിലെ വീഴ്ചയുമാണ് നിരവധി റോഡപകടങ്ങൾക്ക് കാരണമാകുന്നതെന്ന വിലയിരുത്തലിലാണ് പുതിയ നടപടി. റോഡപകടങ്ങൾ കുറയ്ക്കുകയും സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുകയുമാണ് പരിഷ്‌കാരത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.
