ഇടുക്കി: ചിന്നക്കനാലിൽ ശല്യക്കാരനായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ചു. വെടിയേറ്റതിനെ തുടർന്ന് ആന കാട്ടിലേക്ക് കടന്നു.
ഇതിന് പിന്നാലെ പ്രദേശത്ത് കോടമഞ്ഞ് മൂടിയതോടെ മറ്റ് നടപടികളിലേക്ക് കടക്കാനാവാതെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. നാളെ വീണ്ടും തുടരും.
ചിന്നക്കനാൽ 301 കോളനിയിലെ ഓമനക്കുഴി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയ്ക്ക് നേരെയാണ് വനംവകുപ്പ് ദൗത്യസംഘം ആദ്യ മയക്കുവെടി പ്രയോഗിച്ചത്.
നേരത്തെ ചതുപ്പുനിലത്ത് നിലയുറപ്പിച്ചതിനാൽ ആനയ്ക്ക് മയക്കുവെടി വെക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് പടക്കം പൊട്ടിച്ച് ചതുപ്പിൽനിന്ന് പുറത്തേക്ക് തുരത്തുകയായിരുന്നു.
ഇതോടെ ആന മരക്കൂട്ടങ്ങൾക്കിടയിലേക്ക് നീങ്ങി. അനുകൂല സാഹചര്യം ലഭിച്ചതോടെയാണ് ദൗത്യസംഘം മയക്കുവെടി വെച്ചത്. ആനയെ ശാന്തനാക്കിയ ശേഷം ആധുനിക ജിപിഎസ് റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പിന്റെ പദ്ധതി.
കോളർ ഘടിപ്പിക്കുന്നതിന് ഏകദേശം ഒരു മണിക്കൂറോളം സമയം വേണ്ടിവരുമെന്നാ ണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ദൗത്യത്തിനായി അഞ്ച് വെറ്ററിനറി ഓഫീസർമാർ ഉൾപ്പെടെ നൂറംഗ സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളെയും ദൗത്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
